ഓട്ടവ: കാനഡയിൽ കുട്ടികൾക്കായി നടത്തുന്ന സൈനിക മാതൃകയിലുള്ള ട്രെയിനിങ് പ്രോഗ്രാം (കേഡറ്റ് പ്രോഗ്രാം) വലിയ വിവാദത്തിൽ ആയിരിക്കുകയാണ്. കാനഡയിലെ കേഡറ്റ് ട്രെയിനിങ് സെന്ററിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രം അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇതിന് തുടക്കമിട്ടത്. “This is real” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രത്തിലെ കുട്ടികളുടെ ലുക്കിനെയും വസ്ത്രധാരണത്തെയും കളിയാക്കിക്കൊണ്ടും പിന്തുണച്ചുകൊണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരംഭിച്ചു.
എന്താണ് കേഡറ്റ് പ്രോഗ്രാം?
12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പരിശീലന പരിപാടിയാണ് കാനഡയുടെ കേഡറ്റ് പ്രോഗ്രാം. ഇവർ കനേഡിയൻ പട്ടാളത്തിലെ യഥാർത്ഥ അംഗങ്ങളല്ല. കുട്ടികളിൽ കാര്യപ്രാപ്തി, പൗരബോധം, കായികക്ഷമത, പരസ്പര സഹകരണം എന്നിവ വളർത്താനാണ് ഈ ക്യാമ്പുകൾ നടത്തുന്നത്. ഇതോടൊപ്പം കാടുകളിലെ യാത്രകൾ, ബോട്ട് സവാരി, വിമാന പരിശീലനം തുടങ്ങിയവയും പഠിപ്പിക്കാറുണ്ട്. പൗരബോധം പഠിക്കുന്ന കുട്ടികളെ രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് കാനഡയിൽ നിന്ന് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.
Also Read: വൊളോഡിമിർ സെലെൻസ്കി കാനഡയിലേക്ക്; സന്ദർശനം അടുത്ത ആഴ്ചയെന്ന് റിപ്പോർട്ടുകൾ
കാനഡ സൈന്യത്തിന്റെ മറുപടി
സോഷ്യൽ മീഡിയയിലെ ഈ അനാവശ്യ ചർച്ചകളിൽ വിഷമിക്കുന്ന കുട്ടികൾക്ക് കാനഡ സൈന്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ കുട്ടികൾ തന്നെയാണെന്ന് കാനഡയുടെ സൈനിക മേധാവി ജനറൽ ജെന്നി കാരിഗ്നൻ പറഞ്ഞു. 32 രാജ്യങ്ങൾ പങ്കെടുത്ത ഒരു അന്താരാഷ്ട്ര പ്രതിരോധ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും കാനഡയും തമ്മിൽ സൈനിക രംഗത്ത് നല്ല സഹകരണമുള്ളപ്പോഴാണ് അമേരിക്കൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വന്നത് എന്നത് ശ്രദ്ധേയമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









