കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീ സീസണുകളിൽ ഒന്നായ ഈ വർഷത്തിൽ, ഫെഡറൽ സർക്കാർ ദുരന്തത്തിൽ ബാധിതരായ ആളുകൾക്കായി പുതിയ സഹായ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു. കാട്ടുതീയിൽ പെട്ട് പ്രധാന രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പാസ്പോർട്ടുകളും പെർമനെന്റ റെസിഡൻസ് കാർഡുകളും ഉൾപ്പെടെയുള്ള രേഖകളുടെ സൗജന്യ പകർപ്പുകൾ ലഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ ഒന്നിന് ശേഷം രേഖകൾ മാറ്റിയെടുക്കാൻ ഇതിനകം പണം അടച്ചവർക്ക് ആ തുക തിരികെ ലഭിക്കും. കാട്ടുതീ കാരണം ദുരിതത്തിലായ വിദേശ വിദ്യാർത്ഥികൾക്കും താൽക്കാലിക വിദേശ തൊഴിലാളികൾക്കും അവരുടെ ഇമിഗ്രേഷൻ രേഖകളുടെയും, കാനഡയിലെ വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റുകളുടെയും പകർപ്പുകൾ സൗജന്യമായി ലഭിക്കും. കൂടാതെ, ഈ പെർമിറ്റുകൾ സൗജന്യമായി പുതുക്കാനും അല്ലെങ്കിൽ തിരികെ നേടാനും സാധിക്കും.
കാനഡയിൽ ഈ വർഷം 3.7 ദശലക്ഷം ഹെക്ടർ വനഭൂമി കാട്ടുതീയിൽ നശിച്ചു, ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നാശനഷ്ടമാണ്. പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ ആറിരട്ടി വലുപ്പമുള്ള പ്രദേശമാണിത്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 465 കാട്ടുതീ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പടർന്നുപിടിക്കുന്നുണ്ട്. ഇവയിൽ പലതും നിയന്ത്രണാതീതമാണെന്ന് കനേഡിയൻ ഇന്റർഏജൻസി ഫോറസ്റ്റ് ഫയർ സെന്റർ അറിയിച്ചു.
കാട്ടുതീയെ നേരിടാൻ കാനഡയിലെത്തുന്ന വിദേശ രക്ഷാപ്രവർത്തകർക്ക് അപേക്ഷാ ഫീസും ബയോമെട്രിക് ഫീസും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഈ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് 90 ദിവസത്തിനുള്ളിൽ തങ്ങളുടെ താമസം പുതുക്കണം എന്ന നിബന്ധനയിലും ഇളവ് നൽകിയിട്ടുണ്ട്.






