ഓട്ടവ: അമേരിക്കയിലെ വ്യോമഗതാഗതം മണിക്കൂറുകളോളം നിർത്തിവച്ചതിനെത്തുടർന്ന് കാനഡയിലെ വിമാന സർവീസുകളെയും ബാധിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച വിശദീകരണവുമായി വിദഗ്ധർ രംഗത്ത്. വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്താൽ കനേഡിയൻ യാത്രക്കാർക്ക് ലഭിക്കുന്ന സംരക്ഷണം, വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ, നഷ്ടപരിഹാരം എന്നിവയെക്കുറിച്ചാണ് വിദഗ്ധർ വ്യക്തത വരുത്തിയിരിക്കുന്നത്.
2026 നവംബർ 13 വെള്ളിയാഴ്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യത്തെ വിമാന സർവീസുകൾ നാല് മണിക്കൂറിലധികം നിർത്തിവച്ചിരുന്നു. ഇതിനെത്തുടർന്ന് എയർ കാനഡ ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കി. 27,000 യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ടൊറന്റോ പിയേഴ്സൺ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വലിയ കാലതാമസം നേരിടേണ്ടിവന്നു.
കാനഡയിലെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം വിമാനം റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാൻ അവകാശമുണ്ട്. പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനുള്ളിൽ പുറപ്പെടുന്ന അടുത്ത ലഭ്യമായ വിമാനത്തിലോ ആവശ്യമെങ്കിൽ മറ്റൊരു വിമാനക്കമ്പനിയുടെ സർവീസിലോ യാത്ര ക്രമീകരിക്കണം.
48 മണിക്കൂറിനുള്ളിൽ യാത്രയ്ക്കായി മറ്റൊരു വിമാനം ക്രമീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, യുഎസിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് മറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റ് നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്ന് യാത്രക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഗാബോർ ലുകാക്സ് വ്യക്തമാക്കി.
എന്നാൽ യുഎസ് വ്യോമഗതാഗതം നിർത്തിവച്ചത് വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. അതിനാൽ ഈ തടസ്സത്തിന്റെ പേരിൽ യാത്രക്കാർക്ക് അധിക നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ല. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാലാണ് സർവീസ് തടസ്സപ്പെടുന്നതെങ്കിൽ മാത്രമാണ് ചില സാഹചര്യങ്ങളിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുക.
യുഎസിൽ കുടുങ്ങിയ യാത്രക്കാർക്ക് അധിക ഹോട്ടൽ, ഭക്ഷണച്ചെലവുകൾ വിമാനക്കമ്പനികൾ തിരികെ നൽകണമെന്നത് നിർബന്ധമല്ലെന്നും ലുകാക്സ് പറഞ്ഞു. നിയമപരമായ ബാധ്യതകൾ പാലിച്ചില്ലെന്ന് തോന്നുന്നവർ വിമാനക്കമ്പനിയുമായുള്ള ആശയവിനിമയങ്ങളുടെ രേഖകൾ സൂക്ഷിച്ച് ആവശ്യമെങ്കിൽ ചെറുകിട ക്ലെയിം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Also Read: ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മാർക്ക് കാർണി
അതേസമയം, പോർട്ടർ, വെസ്റ്റ്ജെറ്റ് വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ വീക്കെൻഡ് മുഴുവൻ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. യുഎസ് വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിൽ പുതിയ സാങ്കേതികവിദ്യ ചേർത്തതിനെത്തുടർന്നുണ്ടായ തകരാറുകളാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമെന്ന് യുഎസ് സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





