ഒട്ടാവ: കാനഡയിലെ യുവാക്കളെ ഓൺലൈൻ വഴി തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ, ക്രിമിനൽ കോഡ് പ്രകാരം അംഗീകരിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ പട്ടികയിലേക്ക് നാല് പുതിയ ഗ്രൂപ്പുകളെ കൂടി കാനഡ സർക്കാർ ചേർത്തു. കാനഡയിലെ നിയമനിർവ്വഹണ ഏജൻസികൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ കൂടുതൽ അധികാരം നൽകുന്നതാണ് ഈ പുതിയ നടപടി.
കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂട്ടിച്ചേർത്ത നാല് ഗ്രൂപ്പുകളിൽ മൂന്നെണ്ണം ആശയപരമായ പ്രേരിത അതിക്രമ തീവ്രവാദ (Ideologically Motivated Violent Extremist – IMVE) ശൃംഖലകളും, ഒരെണ്ണം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ISIS) അനുബന്ധ ഗ്രൂപ്പുമാണ്. 764, Manic Murder Cult, Terrorgram Collective, Islamic State-Mozambique (ISIS-Mozambique) എന്നിവയാണ് ഈ ഗ്രൂപ്പുകൾ
പുതിയതായി ചേർത്ത 764, Manic Murder Cult, Terrorgram Collective എന്നിവയെല്ലാം അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന IMVE ശൃംഖലകളാണ്. ഈ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയും ഓൺ ലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ചിന്താഗതിയിലേക്ക് മാറ്റിയെടുക്കുന്നതും. ഇവർ പ്രചരിപ്പിക്കുന്ന അക്രമാസക്തമായ വിവരങ്ങൾ ഓൺ ലൈനിലും അല്ലാതെയും അതിക്രമങ്ങൾക്ക് പ്രേരണ നൽകുന്നു.764 എന്ന ഗ്രൂപ്പിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.
ഒരു സംഘടനയെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ കനേഡിയൻ നിയമപ്രകാരം താഴെ പറയുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും:
ഈ ഗ്രൂപ്പുകളുടെ കാനഡയിലുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും വിവരം RCMP-യെയോ CSIS-നെയോ അറിയിക്കുകയും ചെയ്യണം.
ഈ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതോ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതോ ക്രിമിനൽ കുറ്റമാകും.
കുടിയേറ്റ തീരുമാനങ്ങൾ എടുക്കുന്നതിനും, അതിർത്തിയിൽ ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും ഈ പട്ടിക ഉപയോഗിക്കാനാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada adds 4 new groups to list of terrorist organizations






