ഡൽഹി: അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി (H-1B) ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കാലാവധി കുത്തനെ വർധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെ പ്രതിസന്ധിയിലാക്കുന്നു. വിസ സ്റ്റാമ്പിംഗിനും അഭിമുഖത്തിനുമായി നേരത്തെ നിശ്ചയിച്ചിരുന്ന തീയതികൾ മാസങ്ങൾക്കപ്പുറത്തേക്ക് നീട്ടുന്നതാണ് ഉദ്യോഗാർത്ഥികൾക്കും യു.എസ് കമ്പനികൾക്കും തിരിച്ചടിയാകുന്നത്. 2026 ജനുവരിയിൽ നടക്കേണ്ടിയിരുന്ന പല അഭിമുഖങ്ങളും സെപ്റ്റംബറിലേക്കാണ് ഇപ്പോൾ പുനർനിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, പുതിയ അപേക്ഷകർക്കും വിസ പുതുക്കുന്നവർക്കും (Visa Transfer) ഒരുപോലെ ഈ കാലതാമസം നേരിടുന്നുണ്ട്. 2025 ഡിസംബറിൽ നടക്കേണ്ടിയിരുന്ന പല എച്ച്-1ബി, എച്ച്-4 വിസ അഭിമുഖങ്ങളും റദ്ദാക്കുകയോ 2026 മാർച്ചിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. ഡിസംബർ 15 മുതൽ നിലവിൽ വന്ന പുതിയ സോഷ്യൽ മീഡിയ പരിശോധനാ രീതികളാണ് (Online presence review) ഈ താമസം വർധിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
വിസ നടപടികൾ വൈകുന്നത് ഐ.ടി മേഖലയിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ കുടുങ്ങിപ്പോയ ജീവനക്കാർക്ക് ഇവിടെയിരുന്ന് ജോലി ചെയ്യാൻ നിയമതടസ്സമില്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകനായ രാജീവ് ഖന്ന വ്യക്തമാക്കുന്നുണ്ടെങ്കിലും, കമ്പനികളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കേണ്ട വിസകൾ അപ്രഖ്യാപിതമായി ‘ഓഫ്‌ഷോർ’ ജോലികളായി മാറുന്നുവെന്ന് അമേരിക്കൻ എഡ്-ടെക് നിക്ഷേപകനായ ഹാനി ഗിർഗിസ് നിരീക്ഷിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. സ്പെഷ്യാലിറ്റി ഒക്യുപ്പേഷൻ (Specialty Occupations) എന്ന നിർവചനത്തിൽ വരുത്തിയ മാറ്റങ്ങൾ, കർശനമായ വിദ്യാഭ്യാസ യോഗ്യതകൾ, പുതിയ വിസ പെറ്റീഷനുകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ ഫീസ് എന്നിവ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്വന്തം രാജ്യത്ത് നിന്ന് മാത്രമേ വിസയ്ക്ക് അപേക്ഷിക്കാവൂ എന്ന നിബന്ധനയും ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ പരിശോധിക്കുന്നതടക്കമുള്ള കർശനമായ സ്ക്രീനിംഗ് നടപടികൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയത് അപേക്ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് നിയമവിദഗ്ധർ പറയുന്നു. വിസ വൈകുന്നതോടെ ജോലിയിൽ പ്രവേശിക്കാനുള്ള തീയതി നീട്ടിവെക്കേണ്ടി വരുന്നത് വ്യക്തികൾക്ക് പുറമെ അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങളെയും സാമ്പത്തികമായി ബാധിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലിരുന്ന് ജോലി തുടരുന്നവർ പ്രാദേശിക നികുതി നിയമങ്ങൾ പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യു.എസ് ഭരണകൂടം വിസ നടപടികളിൽ വരുത്തിയ വ്യവസ്ഥാപിതമായ മാറ്റങ്ങൾ വരും മാസങ്ങളിലും ഇന്ത്യൻ ഐ.ടി മേഖലയ്ക്ക് വെല്ലുവിളിയായി തുടരാനാണ് സാധ്യത.
can-indians-work-from-home-while-waiting-for-h-1b-visas-immigration-lawyer-offers-advice-as-us-investor-warns-of-employer-impatience
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



