സാൻ ഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വിശ്വസിക്കുന്ന വാട്സ്ആപ്പിന്റെ സുരക്ഷാ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും അല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയില്ലെന്ന മെറ്റയുടെ ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങളുടെ സുരക്ഷയെക്കുറിച്ച് കമ്പനി നൽകുന്നത് തെറ്റായ വിവരങ്ങളാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ആഗോളതലത്തിൽ വലിയ സ്വീകാര്യതയുള്ള മെസേജിങ് ആപ്പിന്റെ വിശ്വാസ്യതയെ തന്നെ ഉലയ്ക്കുന്നതാണ് ഈ നിയമനടപടി.
മെറ്റയുടെ ജീവനക്കാർക്ക് ആവശ്യമുണ്ടെങ്കിൽ ഉപയോക്താക്കളുടെ ചാറ്റുകൾ പരിശോധിക്കാൻ കഴിയുമെന്നും ഇത് എൻക്രിപ്ഷൻ നയങ്ങളുടെ ലംഘനമാണെന്നും പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങൾ കമ്പനിയുടെ സെർവറുകളിൽ സംഭരിക്കപ്പെടുന്നുണ്ടെന്നും അവ വിശകലനം ചെയ്യാൻ മെറ്റയ്ക്ക് സാങ്കേതികമായി സാധിക്കുമെന്നും ഹർജിയിൽ പറയുന്നു. കമ്പനിയുടെ ആന്തരിക വിവരങ്ങൾ അറിയാവുന്ന ചില വിസിൽബ്ലോവർമാർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയ്ക്ക് പുറമെ ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ഈ നിയമപോരാട്ടത്തിൽ ഒന്നിച്ചിരിക്കുന്നത്.
സ്വകാര്യത സുരക്ഷിതമാണെന്ന് വിശ്വസിപ്പിച്ച് മെറ്റ ഉപയോക്താക്കളെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. അതേസമയം, സന്ദേശങ്ങളുടെ സുരക്ഷ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെറ്റ ഔദ്യോഗികമായി പ്രതികരിച്ചു. വാട്സ്ആപ്പിലെ എൻക്രിപ്ഷൻ സംവിധാനം കുറ്റമറ്റതാണെന്നും സന്ദേശങ്ങൾ മറ്റാർക്കും വായിക്കാൻ കഴിയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ കേസിലെ അന്തിമ വിധി വാട്സ്ആപ്പിന്റെ ഭാവിയിലെ സ്വീകാര്യതയെയും ഡിജിറ്റൽ ലോകത്തെ സ്വകാര്യതാ നിയമങ്ങളെയും നിർണ്ണായകമായി ബാധിക്കും. വിധി കമ്പനിക്ക് തിരിച്ചടിയായാൽ അത് ഡിജിറ്റൽ ലോകത്തെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടും.
can-employees-read-whatsapp-chats-complaints-against-meta-from-countries-including-india.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



