ബാങ്കോക്ക്: തായ്-കംബോഡിയ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ. ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിൽ ഒപ്പിട്ട വെടിനിർത്തൽ കരാർ ലംഘിച്ചാണ് നിലവിലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കംബോഡിയൻ അതിർത്തി പ്രദേശങ്ങളിൽ തായ് വ്യോമസേന എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി തായ് സൈന്യം സ്ഥിരീകരിച്ചു. ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയുടെ കിഴക്കൻ മേഖലയിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലുകളിൽ ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരാർ ലംഘനത്തിന് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുമ്പോൾ, അതിർത്തി പ്രദേശങ്ങളിൽ കടുത്ത ഭീതിയും ആശങ്കയും വ്യാപിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. കംബോഡിയൻ സൈന്യം ചെറുഅയുധങ്ങളും വെടിവയ്പ്പ് ആയുധങ്ങളും ഉപയോഗിച്ച് വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് തായ് സൈനിക വക്താക്കൾ അറിയിച്ചു. ഇതിന് മറുപടിയായി, “ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള അടിയന്തര പ്രതികരണം” എന്ന നിലയിൽ സുരനാരി ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നാണ് തായ്‌ലൻഡ് വ്യക്തമാക്കുന്നത്. എന്നാൽ, ഈ നടപടിയെ “ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണം” എന്നാണ് കംബോഡിയ വിശേഷിപ്പിച്ചത്. പ്രീഹ് വിഹാർ ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ തായ് സൈന്യം ടാങ്ക് ഷെല്ലുകൾ പ്രയോഗിച്ചതായും കംബോഡിയൻ സേന ആരോപിക്കുന്നു.
ഇരുപക്ഷവും പരസ്പരം പ്രകോപനം ആരോപിച്ച് നിലയുറപ്പിച്ചതോടെ, ജൂലൈയിലും ഒക്ടോബറിലുമായി ട്രംപിന്റെ നേതൃത്വത്തിലുള്ള വെടിനിർത്തൽ കരാർ വെറും 45 ദിവസത്തിനുള്ളിൽ തകർന്നത് സ്ഥിതിഗതികൾ വഷളാക്കി. കഴിഞ്ഞ മാസങ്ങളിലുടനീളം പതിവായി കണ്ടിരുന്ന ചെറിയ സംഘർഷങ്ങൾ ഇപ്പോൾ വലിയ യുദ്ധസമാനമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി വിദേശനയ നിരീക്ഷകർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ വഴിമുട്ടിയതോടെ, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ശക്തമായി. അതിർത്തി മേഖലയിലെ സാധാരണ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാനുള്ള തിരക്കിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump's ceasefire agreement is in vain; Cambodia-Thailand border is once again tense






