ഓട്ടവ: നദിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് രണ്ടുപേരെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കാനഡയിലെ ഓട്ടോവയിൽ വെള്ളിയാഴ്ച രാവിലെ 5:50-ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട എസ്യുവി റിവർസൈഡ് ഡ്രൈവ്, വാക്ക്ലി റോഡ് കവലയ്ക്ക് സമീപമുള്ള ലൈറ്റ് പോസ്റ്റിൽ ഇടിച്ച് റൈഡോ നദിയിലേക്ക് മറിയുകയായിരുന്നു.
പ്രഭാതസവാരിക്കിറങ്ങിയ ലെസ്ലി ടോംലിൻസൺ എന്ന യുവതിയും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം കണ്ട ഉടൻ തന്നെ അടുത്തുള്ള വീട്ടിലെ സ്ത്രീ അടിയന്തര സഹായത്തിനായി 911-ൽ വിവരമറിയിച്ചു. പുറകെ വന്ന കാറിലുണ്ടായിരുന്ന യുവതി നദിയിലേക്ക് ചാടിയിറങ്ങി ഡ്രൈവറെ പുറത്തെത്തിച്ചു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാരന് നീന്തൽ അറിയില്ലായിരുന്നു. ഇതുകണ്ട മുൻ ലൈഫ് ഗാർഡ് കൂടിയായ ലെസ്ലി ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
കാർ പൂർണമായി വെള്ളത്തിൽ മുങ്ങുന്നതിന് തൊട്ടുമുമ്പ് ലെസ്ലി യാത്രക്കാരനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. വിവരമറിഞ്ഞ് പാരാമെഡിക്സും ഓട്ടോവ ഫയർഫോഴ്സും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഇരുവർക്കും പരിക്കുകളില്ലാത്തതിനാൽ ഉടൻ തന്നെ വിട്ടയച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









