ഭൂമിയിലെ താപനില കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൂര്യപ്രകാശം കുറയ്ക്കുന്നതിനുള്ള ഒരു പരീക്ഷണത്തിന് യുകെ സർക്കാർ തുടക്കം കുറിക്കുകയാണ്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ അനുമതി ലഭിക്കാനാണ് സാധ്യത. ബ്രിട്ടന്റെ ഗവേഷണ ഏജൻസിയായ ARIA (Advanced Research and Invention Agency) മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി 567 കോടി രൂപ (50 ദശലക്ഷം പൗണ്ട്) ചെലവിൽ നടപ്പാക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി ചെറിയ തലത്തിലുള്ള നിരവധി പരീക്ഷണങ്ങൾ നടത്തും.
ഇതിൽ പ്രധാനമായും രണ്ട് തന്ത്രങ്ങളാണ് പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് സൂര്യപ്രകാശം തിരിച്ചുവിടുന്നതിനായി ചെറിയ കണങ്ങൾ ആകാശമണ്ഡലത്തിൽ വിടും. മറ്റൊന്ന്, കടലിൽ നിന്നുള്ള ഉപ്പുകണങ്ങൾ കപ്പലുകൾ വഴി മേഘങ്ങളിലേയ്ക്ക് പകർത്തും. ഇവ കൂടുതൽ വെളിച്ചം തിരിച്ചുവിടാൻ സഹായക്സ്മാകും.
പദ്ധതി വിജയകരമാകുകയാണെങ്കിൽ, താപനില താൽക്കാലികമായി കുറയ്ക്കാനും കാലാവസ്ഥ പ്രതിസന്ധിക്ക് നേരെയുള്ള ശ്രമങ്ങൾക്ക് കൂടുതൽ സമയം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ കാലാവസ്ഥയിൽ മനുഷ്യനിർമ്മിത മാറ്റങ്ങൾ വരുത്താനുള്ള ഇത്തരം പദ്ധതികൾ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. പരിസ്ഥിതിയിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിമർശനം.
അതേസമയം, ഭൂമിയുടെ താപനിലയിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുള്ള നിർണായക അവസരങ്ങളാണ് നമ്മൾ നേരിടുന്നത് എന്ന് ARIA പ്രോഗ്രാം ഡയറക്ടർ മാർക്ക് സൈമസ് അഭിപ്രായപ്പെട്ടു. അതിനാലാണ് ഈ പരീക്ഷണങ്ങൾ അനിവാര്യമാകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റ് ഘടകങ്ങളിൽ ക്ലൈമറ്റ് മോഡലിംഗ്, ലാബ് ടെസ്റ്റുകൾ, പൊതുജനങ്ങളുടെ അഭിപ്രായം വിലയിരുത്തൽ എന്നിവയും ഉൾപ്പെടും.






