സസ്കാറ്റൂൺ: സസ്‌കാച്ചെവാൻ പ്രവിശ്യയിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള മാമോഗ്രാം സ്ക്രീനിംഗിന്റെ കുറഞ്ഞ പ്രായപരിധി 40 വയസായി കുറച്ചു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, 40 മുതൽ 43 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ഇനിമുതൽ ഈ സൗജന്യ പരിശോധനാ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കഴിഞ്ഞ 2025 ജനുവരിയിൽ ആരംഭിച്ച ഘട്ടംഘട്ടമായ ആരോഗ്യപരിഷ്കരണ പദ്ധതിയുടെ അവസാന ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. പ്രവിശ്യയിലെ വനിതകൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ സ്തനാർബുദ സാധ്യതകൾ തിരിച്ചറിയാനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് പ്രായപരിധി പുതുക്കി നിശ്ചയിച്ചത്.
മാമോഗ്രാം പരിശോധനകളിലൂടെ കണ്ടെത്തുന്ന സ്തനാർബുദ കേസുകളിൽ 75 ശതമാനവും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് സസ്‌കാച്ചെവാൻ കാൻസർ ഏജൻസിയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കുറഞ്ഞ അളവിലുള്ള വികിരണം (എക്സ്-റേ) ഉപയോഗിച്ച് സ്തനകോശങ്ങളെ പരിശോധിക്കുന്ന രീതിയാണ് മാമോഗ്രാം. കൃത്യമായ ഇടവേളകളിലുള്ള സ്ക്രീനിംഗ് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും, ആദ്യ മാമോഗ്രാം പരിശോധനയ്ക്കായി സമയം മുൻകൂട്ടി ബുക്ക് ചെയ്ത് ഇത് സ്ഥിരമായ ആരോഗ്യപരിചരണത്തിന്റെ ഭാഗമാക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും കാൻസർ ഏജൻസി വൈസ് പ്രസിഡന്റ് കരൻ എഫ്തിമിയോ അഭ്യർത്ഥിച്ചു.
പുതിയ നിയമപ്രകാരം 40 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് ഡോക്ടറുടെ പ്രത്യേക റഫറൽ കത്തുകൾ ഇല്ലാതെ തന്നെ പരിശോധനയ്ക്കായി നേരിട്ട് സമയം ബുക്ക് ചെയ്യാവുന്നതാണ്. എന്നാൽ നിലവിൽ സ്തനങ്ങളിൽ കട്ടകൾ, രക്തസ്രാവം, ചർമ്മ വ്യതിയാനങ്ങൾ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും, ബ്രെസ്റ്റ് ഇംപ്ലാന്റുകൾ ഉപയോഗിക്കാത്തവർക്കുമാണ് ഈ അവസരം. കൂടാതെ, നിലവിൽ സ്തനാർബുദ ചികിത്സയിലോ ഫോളോ-അപ്പ് ഘട്ടത്തിലോ ആയിരിക്കരുത് എന്നും കഴിഞ്ഞ അഞ്ച് വർഷമായി രോഗബാധയില്ലാത്തവരായിരിക്കണം എന്നും നിബന്ധനയുണ്ട്. അർഹരായ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ സ്ക്രീനിംഗ് നടത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ ശുപാർശ. നിലവിൽ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന എട്ട് സ്ഥിരം കേന്ദ്രങ്ങൾക്ക് പുറമെ, ഗ്രാമീണ-വടക്കൻ മേഖലകളിലുള്ളവർക്കായി രണ്ട് മൊബൈൽ മാമോഗ്രാഫി യൂണിറ്റുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Breast cancer screening age limit lowered to 40 in Saskatchewan; new rule comes into effect.






