ഒട്ടാവ:ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കോസ്റ്റ്കോ കാനഡയിൽ വിറ്റഴിച്ച പ്രമുഖ ബ്രാൻഡ് ഷാംപൂവും കണ്ടീഷണറും തിരിച്ചുവിളിച്ചു. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകളുടെയോ മറ്റ് സൂക്ഷ്മാണുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒന്റാറിയോ, ക്യുബെക്ക് പ്രവിശ്യകളിലെ കോസ്റ്റ്കോ ഔട്ട്‌ലെറ്റുകൾ വഴി ഈ മാസം മേയ് 10 മുതൽ മേയ് 12 വരെയുള്ള ദിവസങ്ങളിൽ വിൽപന നടത്തിയ ‘റെൻപ്യൂർ ടീ ട്രീ ആൻഡ് റോസ്മേരി സ്കാൽപ് റീബാലൻസിങ് ഷാംപൂ, കണ്ടീഷണർ’ (Renpure Tea Tree and Rosemary Scalp Rebalancing Shampoo and Conditioner) എന്നിവയാണ് കമ്പനി തിരിച്ചുവിളിച്ചത്.
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി ചർമ്മത്തിൽ നേരിയ രീതിയിലുള്ള അലർജിയോ അസ്വസ്ഥതകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ്കോ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. 946 മില്ലിലിറ്റർ ബോട്ടിലുകളിൽ ലഭ്യമാക്കിയിരുന്ന ഇവയുടെ അടിഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന 2603C065, 2604C066 എന്നീ ലോട്ട് കോഡുകളുള്ള (Lot codes) ഉൽപ്പന്നങ്ങളാണ് നിലവിൽ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്.
നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചത് മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മറ്റ് പാർശ്വഫലങ്ങളോ ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, ഈ ബാച്ചിൽപ്പെട്ട ഷാംപൂവോ കണ്ടീഷണറോ കൈവശമുള്ള ഉപഭോക്താക്കൾ ഇവ ഉപയോഗിക്കുന്നത് ഉടനടി നിർത്തണമെന്നും, ഉൽപ്പന്നങ്ങൾ ഏതെങ്കിലും കോസ്റ്റ്കോ വെയർഹൗസുകളിൽ തിരികെ ഏൽപ്പിച്ച് മുഴുവൻ തുകയും റീഫണ്ടായി കൈപ്പറ്റണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി നിർമാതാക്കളായ ‘മാവ് ബ്യൂട്ടി ബ്രാൻഡ്സ്’ (Mav Beauty Brands Inc.) എന്ന കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.
Brand of shampoo and conditioner sold at Costco in Canada recalled over microbial levels
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










