അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സൊകോടോയിൽ ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങി വൻ ദുരന്തം. അപകടത്തിൽ കുട്ടികളടക്കം 50-ലേറെ പേർ മരിച്ചു. ഗോറോന്യോ ലോക്കൽ ഗവൺമെന്റ് പരിധിയിലെ ഗോറോവിന് സമീപമുള്ള നദിയിലാണ് ദാരുണമായ സംഭവം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാഷണൽ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഏരിയ മാനേജർ അബ്ദുൽഖാദിർ യൂസഫ് അറിയിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും 10-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. അരി കൊയ്ത്തിനായി കൃഷിയിടങ്ങളിലേക്ക് കർഷകരെയും തൊഴിലാളികളെയും കൊണ്ടുപോയ ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് എഴുപതോളം പേർ ബോട്ടിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ 57 പേരാണ് പടകിലുണ്ടായിരുന്നതെന്നാണ് മറ്റൊരു പ്രാദേശിക വിവരം. 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ കണ്ടെടുത്ത 40-ഓളം കുട്ടികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ഗോറോവിലെ ഗ്രാമീണ മോസ്കിന്റെ മുൻപിൽ പൊതുദർശനത്തിന് വെച്ചു. ബോട്ട് മുങ്ങി ഇതുവരെ 53 മൃതദേഹങ്ങൾ കണ്ടെടുത്തതായി ദൃക്സാക്ഷിയായ ഷർഹാബിലു കിലിയ പറഞ്ഞു. ഇതിൽ 46 പേരുടെ ഖബറടക്കം പൂർത്തിയായിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ ഇപ്പോഴും കരയ്ക്കടുപ്പിക്കുന്നുണ്ട്.
സംസ്ഥാന എമർജൻസി മാനേജ്‌മെന്റ് ഏജൻസി ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ മുസ്തഫ ഉമറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു. മഴക്കാലത്ത് നൈജീരിയൻ നദികളിൽ ബോട്ട് അപകടങ്ങൾ പതിവാണ്. ആളുകളെ കുത്തിനിറയ്ക്കുന്നതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് ഇത്തരം വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്.
ഈ വർഷം ജനുവരിയിലും വടക്കുകിഴക്കൻ നൈജീരിയയിലെ യോബെ സംസ്ഥാനത്ത് അടിത്തട്ടിൽ ചോർച്ചയുണ്ടായ പടക് മുങ്ങി 25 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വീണ്ടുമൊരു വൻ അപകടം റിപ്പോർട്ട് ചെയ്യുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




