സെന്റ് ജോൺ: വേനൽക്കാല അവധിക്കാലത്ത് കാനഡയിലുടനീളം രക്തദാനത്തിൽ വലിയ കുറവുണ്ടായതിനെ തുടർന്ന് കൂടുതൽ രക്തദാതാക്കളെ തേടി കനേഡിയൻ ബ്ലഡ് സർവീസസ്. പൊതുജനങ്ങളോട് സഹായ അഭ്യർത്ഥന നടത്തിയതിനെ തുടർന്ന് രക്തദാനത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, രോഗികളുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ ഇനിയും കൂടുതൽ ദാതാക്കൾ മുന്നോട്ടുവരണമെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ തുടക്കം മുതൽ രക്ത ശേഖരത്തിൽ ഏകദേശം 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഓരോ ആഴ്ചയിലും ശരാശരി 1,500 മുതൽ 2,500 വരെ രക്തദാന അപ്പോയിന്റ്മെന്റുകളുടെ കുറവുണ്ടായതോടെ, നിലവിലുണ്ടായിരുന്ന സ്റ്റോക്കിൽ നിന്നാണ് രോഗികൾക്കുള്ള ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. വേനൽക്കാലത്ത് സാധാരണയായി രക്തദാനത്തിൽ കുറവ് വരാറുണ്ടെങ്കിലും, ഇത്തവണത്തെ ഇടിവ് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നുവെന്ന് കനേഡിയൻ ബ്ലഡ് സർവീസസ് ചൂണ്ടിക്കാണിക്കുന്നു. രാജ്യവ്യാപകമായി ആഹ്വാനം നൽകിയതോടെ ആളുകൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും, ശേഖരിക്കുന്ന രക്തത്തിന്റെ ആയുസ്സ് 42 ദിവസം മാത്രമായതിനാൽ ദാതാക്കളുടെ തുടർച്ചയായ പങ്കാളിത്തം അത്യാവശ്യമാണ്.
ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളിൽ 10 ശതമാനം പേർക്കും “Blood transfusion” ആവശ്യമായി വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്, സെന്റ് ജോൺസിലെ ജെയ്ൻവേ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിക്ക് മാത്രം പ്രതിവാരം എട്ട് യൂണിറ്റ് രക്തം വരെ ആവശ്യമായി വരാറുണ്ട്. രോഗികൾക്ക് രക്തത്തിനുള്ള ആവശ്യം ഒരു ഘട്ടത്തിലും നിലയ്ക്കുന്നില്ലെന്നും, അതിനാൽ വേനൽക്കാല അവധിക്കാലത്തിന്റെ അവസാന വാരങ്ങളിലും ആളുകൾ രക്തദാന കേന്ദ്രങ്ങളിൽ എത്തണമെന്നും കാനഡിയൻ ബ്ലഡ് സർവീസസ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ ഗോർഡൻ സ്കിഫിംഗ്ടൺ അഭ്യർത്ഥിച്ചു.
രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് blood.ca എന്ന വെബ്സൈറ്റ് സന്ദർശിച്ചോ 1-888-2-DONATE എന്ന നമ്പറിൽ ബന്ധപ്പെട്ടോ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റിലെ യോഗ്യതാ പരിശോധന പൂർത്തിയാക്കിയ ശേഷം കേന്ദ്രങ്ങളിലെത്താം. മുൻപ് യോഗ്യരല്ലെന്ന് കണ്ട് ഒഴിവാക്കപ്പെട്ടവരും നിലവിലെ പുതിയ നിയമങ്ങൾ പ്രകാരം വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രക്തദാനത്തിനായി ഒരു മണിക്കൂർ സമയം മാറ്റിവെക്കുകയും, എത്തുന്നതിന് മുൻപ് ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം. സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും തിരിച്ചറിയൽ രേഖയും കൈവശം കരുതേണ്ടതുണ്ട്.
Blood donations in Canada drop sharply; Canadian Blood Services seeks more donors
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








