വാങ്കൂവർ: നഗരത്തിലെ തിരക്കേറിയ ബ്രോഡ്‌വേ ഇടനാഴിയിലെ ഒരു ബ്ലോക്ക് ജനുവരി 26 മുതൽ നാല് മാസത്തേക്ക് പൂർണ്ണമായും അടച്ചിടുന്നു. സബ്‌വേ വിപുലീകരണ ജോലികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു. ജനുവരി 26 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ മെയിൻ സ്ട്രീറ്റിനും ക്യുബെക് സ്ട്രീറ്റിനും ഇടയിലുള്ള ഈസ്റ്റ് ബ്രോഡ്‌വേയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും. ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എട്ടാം അവന്യൂ (East 8th Avenue) വഴി തിരിച്ചുവിടും. എന്നാൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഭാവിയിലെ മൗണ്ട് പ്ലെസന്റ് സ്റ്റേഷന് മുകളിലുള്ള താൽക്കാലിക ട്രാഫിക് ഡെക്കുകൾ പൊളിച്ചുമാറ്റുന്നതിനും റോഡ് റീപാവിംഗ് നടത്തുന്നതിനുമാണ് പാത അടച്ചിടുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ രാത്രി 10 വരെയാണ് നിർമ്മാണ സമയം. നാല് മാസത്തിന് ശേഷം ഓരോ വരി വീതം ഗതാഗതത്തിനായി തുറന്നുകൊടുക്കും. വേനൽക്കാലത്തോടെ റോഡ് പൂർണ്ണമായും പഴയ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ മറ്റ് കിഴക്ക്-പടിഞ്ഞാറ് റൂട്ടുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്. ആദ്യ ദിവസങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് സജീവമായി രംഗത്തുണ്ടാകും. യാത്രക്കാരെ സഹായിക്കാൻ ‘നെയ്‌ബർഹുഡ് അംബാസഡർമാരെയും’ തെരുവുകളിൽ വിന്യസിക്കും. 5.7 കിലോമീറ്റർ നീളുന്ന മില്ലേനിയം സ്കൈട്രെയിൻ ലൈനിന്റെ ഭാഗമായി ആറ് പുതിയ ഭൂഗർഭ സ്റ്റേഷനുകളാണ് ഈ പദ്ധതിയിലൂടെ വരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Block of Broadway to close for 4 months starting Jan. 26



