മോൺട്രിയൽ: മോൺട്രിയൽ നഗരത്തിന്റെ പൊതു സൈക്കിൾ വാടക സംവിധാനമായ BIXI, ടൈം മാഗസിന്റെ പ്രശസ്തമായ ‘ബെസ്റ്റ് ഇൻവെൻഷൻസ് ഹാൾ ഓഫ് ഫെയിം’ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. iPhone, YouTube, 23andMe DNA ടെസ്റ്റ് തുടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 25 കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തിലാണ് BIXI ഉൾപ്പെട്ടിരിക്കുന്നത്. 2000 മുതൽ എല്ലാ വർഷവും ടൈം മാഗസിൻ മികച്ച മൂന്ന് കണ്ടുപിടിത്തങ്ങളെ തിരഞ്ഞെടുത്ത് അംഗീകരിക്കുന്നുണ്ട്. ഈ ചരിത്രപ്രധാനമായ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് BIXI-ക്ക് ഈ ബഹുമതി ലഭിച്ചത്.
2008-ൽ തുടങ്ങിയ BIXI എന്ന സൈക്കിൾ വാടക സംവിധാനം ഇന്ന് ലോകമെമ്പാടുമുള്ള പല പ്രധാന നഗരങ്ങളിലും സമാനമായ സൈക്കിൾ വാടക സേവനങ്ങൾ തുടങ്ങാൻ പ്രധാന പ്രചോദനമായി മാറിയിരിക്കുന്നു. 2008-ൽ ടൈം മാഗസിൻ പുറത്തിറക്കിയ മികച്ച കണ്ടുപിടുത്തങ്ങളുടെ ലിസ്റ്റിൽ മാർസ് റോവറിനും ആദ്യ ടെസ്‌ല കാറിനുമൊപ്പം BIXI-യും ഉൾപ്പെട്ടു. പാരീസിലും കോപ്പൻഹേഗനിലുമുള്ള സമാനമായ സൈക്കിൾ പദ്ധതികളെക്കാൾ മികച്ച ടെക്നോളജിയാണ് മോൺട്രിയലിലെ BIXI-ക്കെന്ന് മാഗസിൻ വിലയിരുത്തി. സാധാരണ പൊതുവിഭവങ്ങൾ ദുരുപയോഗം ചെയ്യപ്പെടാറുള്ളതിനാൽ, മനുഷ്യ സ്വഭാവത്തെ മറികടക്കാൻ കഴിയുന്ന സാങ്കേതികവിദ്യ BIXI യിൽ ഉൾപ്പെടുത്തിയതായും മാഗസിൻ അക്കാലത്ത് രേഖപ്പെടുത്തിയിരുന്നു. ലണ്ടൻ, ന്യൂയോർക്ക്, ഷിക്കാഗോ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് നഗരങ്ങളിലെ സൈക്കിൾ വാടക സംവിധാനങ്ങൾക്ക് BIXI യുടെ സാങ്കേതികവിദ്യ അടിസ്ഥാനമായി മാറി.
“നമ്മുടെ നാട്ടിൽ പിറവിയെടുത്ത പുതിയ ആശയങ്ങൾക്കും ലോകമെമ്പാടും സ്വാധീനമുണ്ടാക്കാൻ കഴിയും എന്നതിൻ്റെ തെളിവാണ് ടൈം മാഗസിൻ നൽകിയ ഈ അംഗീകാരം.” BIXI മോൺട്രിയലിന്റെ ജനറൽ ഡയറക്ടർ ക്രിസ്റ്റ്യൻ വെർമെറ്റ് പറഞ്ഞു. നിലവിൽ ക്യുബെക്കിലെ 13 നഗരങ്ങളിലായി 12,600 സൈക്കിളുകളും 3,200 ഇ-ബൈക്കുകളും ഉൾപ്പെടെ വിപുലമായ ശൃംഖലയാണ് BIXI പ്രവർത്തിപ്പിക്കുന്നത്. ലോകത്തിലെ ആദ്യത്തെ സൈക്കിൾ ട്രെയിലർ സേവനവും BIXI യുടെ ഭാഗമാണ്. IBM Watson, NASA Curiosity Rover, Tesla Model S, mRNA വാക്സിനുകൾ, James Webb Space Telescope, OpenAI GPT-4 എന്നിവ പോലുള്ള ചരിത്രപരമായ കണ്ടുപിടിത്തങ്ങളുടെ പട്ടികയിൽ BIXI-ക്ക് ഇടം നേടാൻ കഴിഞ്ഞത് മോൺട്രിയലിനും ക്യുബെക്കിനും ഒപ്പം ലോകമെമ്പാടുമുള്ള സൈക്കിൾ വാടക സംവിധാനങ്ങൾക്കും വലിയ അഭിമാനകരമായ നേട്ടമാണെന്ന് വെർമെറ്റ് കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
BIXI, along with Mars Rover and Tesla! Montreal's bicycle system is among the inventions that changed the world






