ട്രംപ് ഭരണകൂടത്തിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ എലോൺ മസ്കിന്റെ പങ്കിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ബിൽ ഗേറ്റ്സ്. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എയ്ഡ്) ബജറ്റിൽ വരുത്തിയ കുത്തനെയുള്ള വെട്ടിക്കുറയ്ക്കലുകൾ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട ആഗോള ആരോഗ്യ പരിപാടികളെ തകർക്കുന്നതിലൂടെ ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാകുമെന്ന് ഗേറ്റ്സ് പറഞ്ഞു.
മസ്കിന്റെ ഈ സമീപനങ്ങൾ അശ്രദ്ധവും തെറ്റിദ്ധരിക്കപ്പെട്ടതുമാണെന്നാണ് ബിൽ ഗേറ്റ്സ് പറഞ്ഞത്. ഗാസയിലെ കോണ്ടോം വിതരണത്തിന് 50 ബില്യൺ ഡോളർ പോലുള്ള അതിരുവിട്ട പ്രസംഗങ്ങളും സഹായ പ്രവർത്തകരെക്കുറിച്ച് മസ്ക് നടത്തിയ അപമാനകരമായ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗേറ്റ്സിന്റെ വിമർശനം. സർക്കാരിലെ കാര്യക്ഷമത ഒരു ശരിയായ ലക്ഷ്യമാണെങ്കിലും, യുഎസ്എയ്ഡിന്റെ ഫണ്ടിംഗിന്റെ 80% വെട്ടിക്കുറയ്ക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലെ തടസ്സങ്ങളെ നേരിടുന്നതിന് അടുത്ത 20 വർഷത്തിനുള്ളിൽ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി 200 ബില്യൺ ഡോളർ സംഭാവന ചെയ്യാനുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി.
ട്രംപിന്റെ താരിഫുകളെയും ഭരണത്തിലെ കുഴപ്പങ്ങളെ കുറിച്ചും ഗേറ്റ്സ് വിമർശനം ഉന്നയിച്ചു, അവ സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയെ തടസ്സപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ തനിക്കുണ്ടെന്ന് സമ്മതിച്ച ഗേറ്റ്സ്, ലോകത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളെ സഹായിക്കുന്ന പ്രോഗ്രാമുകൾ നശിപ്പിക്കുന്നത് രാഷ്ട്രത്തിന്റെ മൂല്യങ്ങളോടും ദീർഘകാല താൽപ്പര്യങ്ങളോടും നിരക്കാത്തതാണെന്ന് അഭിപ്രായപ്പെട്ടു. പ്രമുഖ വാർത്ത ചാനൽ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിമർശനങ്ങൾ ഉന്നയിച്ചത്.



