ഒൻ്റാറിയോ: ഡോക്ടർമാരുടെ ശമ്പളം പ്രവർത്തന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ക്യുബെക്കിലെ വിവാദപരമായ ബിൽ 2 പാസാക്കിയതിനെ തുടർന്ന്, 260-ലധികം ക്യുബെക്ക് ഡോക്ടർമാർ ഒന്റാറിയോയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിന് അപേക്ഷിച്ചതായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ(CPSO) അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ലഭിച്ച 19 അപേക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ വർധനയാണ്. രണ്ടാഴ്ചക്കുള്ളിൽ 263 അപേക്ഷകൾ സമർപ്പിക്കപ്പെടുകയും അതിൽ 35 എണ്ണം ഇതിനകം അംഗീകരിക്കപ്പെടുകയും ചെയ്തതായി CPSO വെളിപ്പെടുത്തി.
അടുത്ത വർഷം ആദ്യം നിലവിൽ വരാനിരിക്കുന്ന ബിൽ 2 അനുസരിച്ച്, ഡോക്ടർമാരുടെ പ്രതിഫലം അവർ പരിചരിക്കുന്ന രോഗികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സർക്കാർ നയങ്ങൾക്കെതിരെ കൂട്ടായ പ്രതിഷേധം നടത്തുന്ന ഡോക്ടർമാർക്ക് ഒരു ദിവസം അഞ്ചു ലക്ഷം ഡോളർ വരെ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ നിയമം ഡോക്ടർമാരെ ശിക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമാണെന്ന് ക്യുബെക്കിലെ നിരവധി ഡോക്ടർമാർ വിമർശിക്കുന്നു. ആരോഗ്യ സംവിധാനത്തിലെ പരാജയങ്ങൾക്ക് ഡോക്ടർമാരെ മാത്രം കുറ്റപ്പെടുത്താനാണ് നിയമം ശ്രമിക്കുന്നതെന്നാണ് അവരുടെ വാദം. ലൈസൻസിനായി അപേക്ഷിച്ചവരിൽ പകുതിയിലധികം പേരും ഫാമിലി ഫിസിഷ്യൻമാരാണ്. അനസ്‌തേഷ്യോളജി, പീഡിയാട്രിക്‌സ്, റേഡിയോളജി, ജനറൽ പ്രാക്ടീസ് തുടങ്ങിയ മറ്റ് സ്‌പെഷ്യാലിറ്റികളിൽ ഉള്ളവരും കൂട്ടത്തിലുണ്ട്.
വർഷങ്ങളായുള്ള വിഭവങ്ങളുടെ കുറവും ഭരണപരമായ സമ്മർദ്ദങ്ങളും കാരണം ക്യുബെക്ക് വിടാൻ ബിൽ 2 കാരണമായെന്ന് അനസ്‌തേഷ്യോളജിസ്റ്റായ ഡോ. ട്രെവർ ഹെന്നെസ്സി അഭിപ്രായപ്പെട്ടു. തൊഴിലിടത്തിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പോലും ഡോക്ടർമാരെ വിലക്കുന്ന നിയമത്തിലെ വ്യവസ്ഥകളേയും അദ്ദേഹം വിമർശിച്ചു. ഒൻ്റാറിയോയിലും ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുണ്ടെങ്കിലും, അവിടത്തെ സാഹചര്യങ്ങൾ ഇപ്പോഴത്തെ നിലയിൽ കൂടുതൽ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർമാരുടെ ഈ കൂട്ട പ്രവാഹം ഇരു പ്രവിശ്യകളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ രോഗികൾക്കും ഫാമിലി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ഈ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്നാണ് ക്യുബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോയുടെ ഓഫീസ് പറയുന്നത്. ഡോക്ടർമാരുടെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നും, ക്യുബെക്കിന് എല്ലാ ഡോക്ടർമാരെയും ആവശ്യമുണ്ടെന്നും ക്യുബെക്ക് ആരോഗ്യ മന്ത്രി ക്രിസ്ത്യൻ ഡ്യൂബെ വ്യക്തമാക്കി. അതേസമയം, ക്യുബെക്കിലെ ഡോക്ടർമാരെ ഒൻ്റാറിയോയിലേക്ക് ക്ഷണിക്കുകയും ലൈസൻസ് നടപടികൾ വേഗത്തിലാക്കാൻ ഒരു ഹോട്ട്‌ലൈൻ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ് ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്.
ഡോക്ടർമാരുടെ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തെ ഒൻ്റാറിയോ മെഡിക്കൽ അസോസിയേഷൻ (OMA) പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഇത് രോഗികളുടെ ലഭ്യതയേയോ പ്രാദേശിക ആരോഗ്യ സംവിധാനത്തിൻ്റെ സുസ്ഥിരതയേയോ ബാധിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിൽ 25 ലക്ഷത്തിലധികം ഒൻ്റാറിയോ നിവാസികൾക്ക് ഒരു ഫാമിലി ഡോക്ടർ ഇല്ല. അതിനാൽ ക്യുബെക്കിൽ നിന്നുള്ള ഡോക്ടർമാരുടെ വരവ് അവിടത്തെ ആരോഗ്യമേഖലയ്ക്ക് ആശ്വാസമായേക്കാം. എന്നാൽ ഇത് ക്യുബെക്കിലെ ആരോഗ്യ സംവിധാനത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bill 2: Mass exodus of doctors from Quebec to Ontario!



