കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി ഇനി വെറും ബസ് സർവീസ് മാത്രമല്ല. രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കിയ ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. ഐ.ടി രംഗത്ത് വൻ മുന്നേറ്റമാണ് കോർപ്പറേഷൻ നടത്തിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ.ഐ ഷെഡ്യൂളിംഗ് ഉൾപ്പെടെ എട്ട് പ്രധാന പദ്ധതികളാണ് കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്. ഇനിമുതൽ അക്കൗണ്ട്സ്, സ്പെയർ പാർട്സ് വാങ്ങൽ, ടൂറിസം, വാടക പിരിക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും ഒറ്റ ഡാഷ്ബോർഡിൽ അറിയാൻ സാധിക്കും.
പുതിയ പദ്ധതികളിൽ സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ ചില കാര്യങ്ങളുണ്ട്. ‘ഹാപ്പി ലോംഗ് ലൈഫ്’ സൗജന്യ യാത്ര കാർഡ് ഉടൻ വിതരണം ചെയ്യും. കൂടാതെ, കെഎസ്ആർടിസിയുടെ വാഹന പുക പരിശോധന കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വികാസ് ഭവനിൽ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇത് കൂടാതെ, ദീർഘദൂര ബസ്സുകളിൽ യാത്ര ചെയ്യുന്ന കുട്ടികളെ സന്തോഷിപ്പിക്കാൻ ക്രയോൺസ്, ചിത്രം വരയ്ക്കാനുള്ള പുസ്തകം, ബലൂൺ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്സ് നൽകാനുള്ള പരിപാടിയും തുടങ്ങി. വോൾവോ സ്ലീപ്പർ ബസുകൾ വാങ്ങുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയെന്നും മന്ത്രി അറിയിച്ചു.
യാത്രക്കാർക്ക് പുറമെ കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കും സന്തോഷ വാർത്തയുണ്ട്. ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തിൽ അവർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി ആരംഭിച്ചു. അടുത്ത ഘട്ടമായി ജീവനക്കാരുടെ ചികിത്സാ ചെലവുകൾ സി.എസ്.ആർ ഫണ്ടിലൂടെ കണ്ടെത്താനും പദ്ധതിയുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതിയും ഫ്ലാഗ് ഓഫ് ചെയ്തു. ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. കെഎസ്ആർടിസി ഇനി പുത്തൻ രൂപത്തിലും ഭാവത്തിലും മുന്നോട്ട് കുതിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Big changes in KSRTC: Free travel and gift boxes for children!





