മലയാളം ബിഗ് ബോസ് എട്ടാം സീസണിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനിടെ പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഏഷ്യാനെറ്റും ജിയോ ഹോട്ട്സ്റ്റാറും. ‘കോമഡി കുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദ പരിപാടിയുടെ അവതാരകയായി നടി ഭാവനയാണ് എത്തുന്നത്. ബിഗ് ബോസ് സീസൺ 8 ഏപ്രിലിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, പുതിയ ഷോയുടെ പ്രഖ്യാപനത്തോടെ ബിഗ് ബോസ് ഉടൻ ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
തമിഴിലെ പ്രശസ്തമായ ‘കുക്ക് വിത്ത് കോമാളി’ എന്ന പരിപാടിയുടെ മാതൃകയിലാണ് കോമഡി കുക്ക് തയ്യാറാക്കിയിരിക്കുന്നത്. പാചകവും ഹാസ്യവും കോർത്തിണക്കുന്ന ഈ ഷോയിൽ ഭാവനയ്‌ക്കൊപ്പം പ്രശസ്ത ഷെഫ് നളനും വിധികർത്താവായി എത്തും. ഏപ്രിൽ 18 മുതലാണ് പരിപാടിയുടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കുക്ക് വിത്ത് കോമഡി’ എന്ന പരിപാടിയുടെ രണ്ടാം ഭാഗമാണോ ഇതെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
വൻ താരനിരയാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മുൻ ബിഗ് ബോസ് താരം ജിസൈൽ ഷോപ്പ് കീപ്പറായി എത്തുമ്പോൾ അനുമോൾ, സാബു മോൻ, നെവിൻ, ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ എന്നിവർ ‘കോമാളികളായി’ പ്രേക്ഷകരെ രസിപ്പിക്കാൻ എത്തും. പാചകം ചെയ്യുന്ന മത്സരാർത്ഥികളെ സഹായിക്കാനും ഒപ്പം രസകരമായ ടാസ്ക്കുകൾ നൽകാനുമാണ് ഇവർ ഷോയിൽ അണിനിരക്കുന്നത്.
ബിഗ് ബോസ് എട്ടാം സീസൺ സംബന്ധിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല. സാധാരണയായി ബിഗ് ബോസ് തുടങ്ങുന്ന സമയത്ത് പുതിയ ഷോയുടെ പ്രഖ്യാപനം വന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. എങ്കിലും, പ്രിയ നടി ഭാവനയുടെ തിരിച്ചുവരവും മുൻ നിര മിനിസ്ക്രീൻ താരങ്ങളുടെ സാന്നിധ്യവും കോമഡി കുക്കിനെ വലിയ വിജയമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ..
Bhavana to replace Mohanlal? Asianet announces new show amid Bigg Boss Season 8 wait



