കൊച്ചി: മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമയിൽ ശോഭനയ്ക്ക് വേണ്ടി മുഴുവൻ ഡബ്ബ് ചെയ്‌ത ശേഷം, തന്നെ ഒരറിയിപ്പുപോലും ഇല്ലാതെ മാറ്റിയെന്ന് വെളിപ്പെടുത്തി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നായികയായ ശോഭനയുടെ ആവശ്യപ്രകാരമാണ് തന്നെ മാറ്റിയതെന്നും, ഈ വിഷയത്തിൽ ശോഭന മര്യാദ കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
ശോഭനയുടെ ഒട്ടുമിക്ക സിനിമകളിലും ഡബ്ബ് ചെയ്തിട്ടുള്ളത് ഭാഗ്യലക്ഷ്മിയാണ്. ‘തുടരും’ സിനിമയുടെ ഡബ്ബിങ്ങിനായി സംവിധായകനാണ് തന്നെ വിളിച്ചത്. ശോഭനക്ക് തമിഴ് നന്നായി സംസാരിക്കാൻ അറിയാമല്ലോ എന്നും, അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചുകൂടേ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു. എന്നാൽ ശോഭനക്ക് ആഗ്രഹമുണ്ടെങ്കിലും തങ്ങളുടെ തീരുമാനപ്രകാരം ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്താൽ മതിയെന്ന് സംവിധായകനും പ്രൊഡ്യൂസറും അറിയിക്കുകയായിരുന്നു.
തുടർന്ന്, സിനിമയുടെ ക്ലൈമാക്സിലെ അലറിയുള്ള നിലവിളിയടക്കം വലിയ പരിശ്രമം ചെയ്താണ് ഡബ്ബിംഗ് പൂർത്തിയാക്കിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ, ഡബ്ബിങ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം വിളിച്ചു ചോദിച്ചപ്പോഴാണ് ശബ്ദം മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചത്. “എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചാൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു. അങ്ങനെയാണ് ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്” എന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു.
തന്നെ വിളിച്ചുപറയാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നതാണ് ഭാഗ്യലക്ഷ്മിയുടെ പ്രധാന സങ്കടം. “അഭിനയിച്ച വ്യക്തിക്ക് വോയിസ് കൊടുക്കാൻ എല്ലാ അവകാശവുമുണ്ട്. അതിൽ എനിക്ക് എതിർപ്പില്ല. എന്നാൽ ആർക്ക് വോയിസ് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകന്റെ പരമാധികാരമാണ്. പക്ഷേ, ഇത്രയും സിനിമ ഡബ്ബ് ചെയ്ത വ്യക്തിയാണ്. ശോഭനക്ക് എന്നെ വിളിച്ചൊരു വാക്ക് പറയാമായിരുന്നു,” ഭാഗ്യലക്ഷ്മി പറഞ്ഞു.
എങ്കിലും, സിനിമയുടെ ക്ലൈമാക്സിൽ തന്റെ ശബ്ദം ഉപയോഗിച്ചതായും ഭാഗ്യലക്ഷ്മി അവകാശപ്പെടുന്നു. “അത്രയും അലറി നിലവിളിച്ച് കരയാൻ ശോഭനക്ക് ആവില്ല. അവർ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന സങ്കടം എനിക്കുണ്ട്” എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
That scream in the climax is mine! Bhagyalakshmi accuses Shobhana of ethics violation






