ഷെര്‍വുഡ്: സസ്കാച്വാനിലെ ഷെര്‍വുഡില്‍ ബെല്‍ എഐ ഡാറ്റാ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിര്‍മാണ പുരോഗതി ബെല്‍ കാനഡയും പ്രവിശ്യാ സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് വ്യാഴാഴ്ച അറിയിച്ചു. ഇതിനൊപ്പം സസ്കാച്വാനിലെ മാനസികാരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി ബെല്‍ ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും വ്യക്തമാക്കി.

ഡാറ്റാ സെന്ററിന്റെ ആദ്യ കെട്ടിടത്തിന്റെ അകത്തള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഘടനാപരമായ സ്റ്റീല്‍ സ്ഥാപിക്കുന്ന ജോലികളും നടന്നുക്കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിലെ നാല് കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ 500-ലധികം പേരാണ് പദ്ധതിസ്ഥലത്ത് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും സസ്കാച്വാനില്‍ നിന്നുള്ളവരാണ്. 300 മെഗാവാട്ട് ശേഷിയുള്ള ബെല്‍ എഐ ഫാബ്രിക് ഡാറ്റാ സെന്റര്‍ പദ്ധതിയില്‍ 30-ലധികം കോണ്‍ട്രാക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, വിതരണക്കാര്‍, തദ്ദേശീയ പങ്കാളികള്‍ എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്.
ALSO READ: എഐ വേണം, പക്ഷെ യുഎസിന്റേത് ആകരുത്: ആരോഗ്യരംഗത്ത് നിലപാട് വ്യക്തമാക്കി കാനഡക്കാർ
ബെല്‍ സൈബര്‍ ആന്‍ഡ് എഐ ഫാബ്രിക് വിഭാഗം ഗ്രൂപ്പ് പ്രസിഡന്റ് ജോണ്‍ വാട്‌സണ്‍, ക്രൗണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് മന്ത്രി ജെറമി ഹാരിസണ്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാഴാഴ്ച പദ്ധതിസ്ഥലത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. റെജൈന മേയര്‍ ചാഡ് ബാച്ചിന്‍സ്‌കി, ഷെര്‍വുഡ് ആര്‍.എം. റീവ് റേ ഓര്‍ബ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
‘ഡാറ്റ ഹാള്‍’ എന്ന് വിളിക്കുന്ന ഡാറ്റാ സെന്ററിന്റെ ആദ്യ ഭാഗം 2027-ന്റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ആകെ 50 ബില്യണ്‍ ഡോളറിലധികം മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
സസ്കാച്വാനിലെ ബെല്ലിന്റെ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുന്ന സാഹചര്യത്തിലാണ് മാനസികാരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചത്. തുക എങ്ങനെ വിനിയോഗിക്കുമെന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ബെല്‍ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Bell AI Data Centre Construction Underway’




