മാനിറ്റോബ: ഗോൾഫ് മൈതാനത്ത് കളി പുരോഗമിക്കുന്നതിനിടെ താരങ്ങൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റൻ കറുത്ത കരടി എത്തിയത് പരിഭ്രാന്തി പരത്തി. മാനിറ്റോബയിലുള്ള ‘പിനാവ ഗോൾഫ് ആന്റ് കൺട്രി ക്ലബ്ബിൽ’ വച്ചാണ് കൗതുകവും ഭീതിയും ഉണർത്തിയ ഈ സംഭവമുണ്ടായത്.
തന്റെ സുഹൃത്തായ ബ്രെൻഡൻ ക്യൂറിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടിം മക്ഗ്രെഗറും സംഘവും ഗോൾഫ് കളിക്കുകയായിരുന്നു. കളി അഞ്ചാമത്തെ ഹോളിൽ എത്തിയപ്പോഴാണ് പുൽത്തകിടിക്ക് പിന്നിലായി ഒരു കരടി ഇരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. കരടി അവിടെയുണ്ടായിരുന്ന ഒരു ഗോൾഫ് ബോൾ എടുത്ത് കൗതുകത്തോടെ തട്ടിക്കളിക്കുകയായിരുന്നു.
അപകടം മണത്ത സംഘം വേഗത്തിൽ പുട്ടിംഗ് പൂർത്തിയാക്കി അവിടെനിന്ന് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ ഇവർ കളി തുടരുന്നതിനിടെ കരടി ഇവരുടെ ഗോൾഫ് കാർട്ടിന് അടുത്തേക്ക് നീങ്ങുകയും കാർട്ടിന്റെ പിൻസീറ്റ് കടിച്ചു കീറാൻ തുടങ്ങുകയും ചെയ്തു.
കരടിയെ ഭയപ്പെടുത്തി ഓടിക്കാൻ ഇവർ പരമാവധി ശ്രമിച്ചെങ്കിലും അത് കാര്യമാക്കിയില്ല. ഒടുവിൽ മക്ഗ്രെഗറുടെ മകൻ കോൾ, ഗോൾഫ് ഫ്ലാഗ് ഉയർത്തി വലിയ ശബ്ദമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് കരടി അവിടെനിന്ന് പിന്മാറിയത്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
അതേ ആഴ്ചയിൽ ചൊവ്വാഴ്ചയും ഇവർക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. അന്ന് കാർട്ടിലുണ്ടായിരുന്ന ബാഗ് കീറി ഉള്ളിലിരുന്ന മഫിൻ കേക്ക് കരടി എടുത്ത് തിന്നുകയായിരുന്നു. മരങ്ങളിൽ പഴങ്ങൾ വിളയുന്ന സമയങ്ങളിൽ ഈ പ്രദേശത്ത് കരടികളെ കാണുന്നത് പതിവാണെന്ന് ഇവർ പറയുന്നു. എങ്കിലും ഇത്തരം അനുഭവങ്ങളൊന്നും തങ്ങളെ ഇനി ഇവിടെ വന്ന് ഗോൾഫ് കളിക്കുന്നതിൽ നിന്ന് പിന്നോട്ടടിക്കില്ലെന്നാണ് ഈ കളിക്കാരുടെ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









