അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന ചലച്ചിത്രങ്ങൾക്ക് 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ചലച്ചിത്ര മേഖല ആശങ്കയിലായിരിക്കുകയാണ് . ഈ നിർദേശം ഇപ്പോഴും അവ്യക്തമാണെങ്കിലും, കാനഡയുടെ വിനോദ മേഖലയ്ക്ക് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഈ ഭീഷണി ബി.സി.യിലെ ചലച്ചിത്ര വ്യവസായ പങ്കാളികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2023-ൽ ചലച്ചിത്ര-ടെലിവിഷൻ നിർമാണത്തിലൂടെ ഏകദേശം 2.3 ബില്യൺ ഡോളർ വരുമാനം നേടിക്കൊടുത്ത മേഖലയാണിത്.
മാർട്ടിനി ഫിലിം സ്റ്റുഡിയോസ് സിഇഒയും സ്ക്രീൻ ബി.സി. ചെയർപേഴ്സണുമായ ജെമ്മ മാർട്ടിനി, സാമ്പത്തിക വെല്ലുവിളികൾ വളരെ ഉയർന്നതാണെന്ന് പറയുന്നു. നിർദ്ദിഷ്ട താരിഫുകൾ പതിനായിരക്കണക്കിന് ആളുകളുടെ ജോലി നിർത്തിവയ്ക്കുകയും, കാറ്ററിങ് മുതൽ ഡ്രൈ ക്ലീനിങ് വരെയുള്ള സിനിമാ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനേകം ബിസിനസുകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മാർട്ടിനി അഭിപ്രായപ്പെട്ടു. പദ്ധതിക്കെതിരെ ഐക്യനിലപാട് സ്വീകരിക്കാൻ കാനഡയിലെയും അമേരിക്കയിലെയും സർക്കാർ-വ്യവസായ നേതാക്കൾ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ‘വിർജിൻ റിവർ’ പോലുള്ള ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രൊഡക്ഷനുകൾക്ക് ഈ നിർദ്ദിഷ്ട നയം എങ്ങനെയാണ് ബാധകമാകുക എന്നതിലും, എപ്പോഴാണ് ഇത് നടപ്പിലാക്കപ്പെടുക എന്നതിലും വ്യക്തതയില്ലെന്ന് ജെമ്മ മാർട്ടിനി തുറന്നു സമ്മതിച്ചു.
ബ്രൈറ്റ്ലൈറ്റ് പിക്ചേഴ്സിലെ നിർമ്മാതാവായ ഷോൺ വില്യംസൺ, ഈ പ്രഖ്യാപനത്തെ “വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്” എന്ന് വിശേഷിപ്പിക്കുകയും ഫിസിക്കലി കൈമാറ്റം ചെയ്യാത്ത കണ്ടെന്റിന് നികുതി ചുമത്തുന്നതിന്റെ സാധ്യത ചോദ്യം ചെയ്യുകയും ചെയ്തു. പ്രധാനമായും അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപമാണ് ബി.സി.യിലെ ഫിലിം ഫണ്ടിംഗിന്റെ ഭൂരിഭാഗവും വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഇത് അതിർത്തി കടന്നുള്ള സഹകരണം അത്യാവശ്യമാക്കുന്നു. സംരക്ഷണ നയങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം ആഭ്യന്തര നിർമ്മാണ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുക പോലുള്ള കൂടുതൽ ഫലപ്രദമായ ബദലുകൾ അമേരിക്ക എന്തുകൊണ്ട് തേടുന്നില്ല എന്നും വില്യംസൺ ചോദിച്ചു.
വിക്ടോറിയയിൽ നിന്ന് സംസാരിച്ച പ്രീമിയർ ഡേവിഡ് എബി, ട്രംപിന്റെ താരിഫ് ആശയത്തെ “ഹാസ്യകരമായി” വിശേഷിപ്പിക്കുകയും നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുകയും ചെയ്തു. മേഖലയിലുള്ളവർ പരിഭ്രാന്തരാകരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ആവശ്യമെങ്കിൽ പ്രവിശ്യ സർക്കാർ വ്യവസായത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ‘ദി ലാസ്റ്റ് ഓഫ് അസ്’, ‘ഷോഗൺ’ തുടങ്ങിയ സീരീസുകളുടെ സമീപകാല ഷൂട്ടിംഗ് പ്രതിബദ്ധതകൾ എടുത്തുകാട്ടിയ എബി, അമേരിക്കൻ വിനോദ ഭീമന്മാരിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യം കാനഡ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.






