ഒട്ടാവ: അക്കൗണ്ടിൽ മതിയായ തുകയില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾ ഈടാക്കുന്ന എൻ.എസ്.എഫ് (NSF) ഫീസ് പത്ത് ഡോളറായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഫെഡറൽ നിയമം പ്രാബല്യത്തിൽ. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്കാരം വഴി വ്യക്തിഗത ഡിപ്പോസിറ്റ് അക്കൗണ്ടുടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുൻകൂട്ടി അനുമതിയുള്ള പേയ്മെന്റുകളോ ചെക്കുകളോ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുന്ന സാഹചര്യത്തിലാണ് ബാങ്കുകൾ നിലവിൽ ഉയർന്ന തുക പിഴയായി ഈടാക്കുന്നത്. ചില ബാങ്കുകൾ 50 ഡോളർ വരെ ഈടാക്കിയിരുന്ന സ്ഥാനത്താണ് ഇനി മുതൽ പരമാവധി 10 ഡോളർ മാത്രം ഈടാക്കാൻ അനുമതിയുള്ളൂ എന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയത്. കൂടാതെ, ഒരേ ഇടപാടിനായി രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ ഒന്നിലധികം തവണ ഫീസ് ഈടാക്കാനോ, അക്കൗണ്ടിൽ പത്ത് ഡോളറിൽ താഴെ മാത്രം കുറവുള്ളപ്പോൾ പിഴ ഈടാക്കാനോ ബാങ്കുകൾക്ക് ഇനി അനുവാദമുണ്ടാകില്ല.
താഴ്ന്ന വരുമാനക്കാരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം വഴി കാനഡക്കാർക്ക് പ്രതിവർഷം 600 മില്യൺ ഡോളറിലധികം ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന എക്കോൺ കാനഡ (ACORN Canada) ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാടകക്കാർക്കും ഗിഗ് തൊഴിലാളികൾക്കും ഈ മാറ്റം വലിയ വിജയമാണെന്ന് സംഘടന അറിയിച്ചു. മുൻപ് ചെറിയ തുകയുടെ കുറവിനുപോലും വലിയ തുക പിഴയായി ഈടാക്കുന്ന രീതിക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Banks in Canada cut NSF fees; new law comes into effect



