ഒട്ടാവ: ബാങ്ക് ഓഫ് കാനഡ (BoC) ഈ വർഷത്തെ അവസാന പലിശ നിരക്ക് പ്രഖ്യാപിച്ചു. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതുപ്പോലെ, ഓവർനൈറ്റ് നിരക്ക് 2.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ബാങ്ക് തീരുമാനിച്ചു. പണപ്പെരുപ്പം 2 ശതമാനത്തോട് അടുത്ത് നിലനിർത്തുന്നതിനും, അതോടൊപ്പം സമ്പദ്‌വ്യവസ്ഥയുടെ ഘടനപരമായ ക്രമീകരണ കാലഘട്ടത്തിൽ അതിനെ പിന്തുണയ്ക്കുന്നതിനും ഈ പോളിസി നിരക്ക് അനുയോജ്യമാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലെം അഭിപ്രായപ്പെട്ടു.
നിലവിലെ പോളിസി പലിശ നിരക്ക് 2026-ൻ്റെ ആദ്യ ഏതാനും മാസങ്ങളിൽ ബാങ്ക് നിലനിർത്തുമെന്നാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക വിദഗ്ധർ പൊതുവെ പ്രതീക്ഷിക്കുന്നത്.
ബാങ്കിന്റെ സാമ്പത്തിക കാഴ്ചപ്പാട് മാറുകയാണെങ്കിൽ അതിനനുരിച്ച് നയം രൂപപ്പെടുത്താൻ തയ്യാറാണെന്ന് മാക്ക്ലെം പറഞ്ഞു. നിലവിൽ, ആഗോളതലത്തിൽ, പ്രത്യേകിച്ച് യുഎസ് വ്യാപാര സംരക്ഷണ നയവും കസ്റ്റമസ് ആൻഡ് മാർക്കറ്റ് മാനേജ്‌മൻ്റ് ആക്ട് (CUSMA) പുനഃക്രമീകരണവും സൃഷ്ടിക്കുന്ന അനിശ്ചിതത്വം കാനഡയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്.
യുഎസ് വ്യാപാര സംഘർഷം മാത്രം കാരണം 2026 അവസാനത്തോടെ കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 1.5 ശതമാനം വരെ (ഏകദേശം $40 ബില്യൺ) കുറയാൻ സാധ്യതയുണ്ടെന്ന് ഒക്ടോബറിലെ മോണിറ്ററി പോളിസി റിപ്പോർട്ടിൽ ബാങ്ക് വിലയിരുത്തിയിരുന്നു. എങ്കിലും 2026, 2027 വർഷങ്ങളിൽ ജിഡിപി വളർച്ച ശരാശരി 1.4 ശതമാനമായിരിക്കുമെന്നാണ് ബാങ്കിന്റെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്ത് നിലനിർത്തുക എന്നതാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യം.
ഒക്ടോബറിലെ CPI പണപ്പെരുപ്പം 2.2 ശതമാനമായിരുന്നു. അടുത്ത വർഷം പണപ്പെരുപ്പം ലക്ഷ്യത്തിനടുത്ത് തുടരുമെങ്കിലും, താത്കാലികമായി വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നിരക്ക് പ്രഖ്യാപനം വന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനക്ഷമത, പ്രതിരോധം, പാർപ്പിടം എന്നിവയ്ക്കായി അഞ്ച് വർഷത്തിനുള്ളിൽ $280 ബില്യൺ ചെലവഴിക്കാൻ ബഡ്ജറ്റിൽ ലക്ഷ്യമിട്ടിരുന്നു.
വർധിച്ച സർക്കാർ ചെലവുകളും പൊതു-സ്വകാര്യ നിക്ഷേപങ്ങളും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് മാക്ക്ലെം പ്രതീക്ഷിക്കുന്നു. ജനുവരി 2025 മുതൽ ഇതുവരെ ബാങ്ക് ഓഫ് കാനഡ മൊത്തം 100 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. അടുത്ത നിരക്ക് തീരുമാനം 2026 ജനുവരി 28-നാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bank of Canada keeps interest rate unchanged at 2.25 percent






