ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരമേഖലകളിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തിൽ കാനഡ എൻവയോൺമെന്റ് മന്ത്രാലയം കർശന ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ചിലയിടങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വാൻകൂവറിൽ നിന്നും ഏകദേശം 750 കിലോമീറ്റർ അകലെയുള്ള പ്രിൻസ് റൂപർട്ടിലാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ ഹൈഡ ഗ്വായ് മേഖലയിൽ 110 മില്ലിമീറ്ററും കിറ്റിമാറ്റിൽ 100 മില്ലിമീറ്ററും മഴ ലഭിച്ചേക്കും.
പസഫിക് ഫ്രണ്ടൽ സിസ്റ്റത്തിന്റെ സ്വാധീനം മൂലം ടെറസ് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇതിനോടകം തന്നെ 25 സെന്റിമീറ്ററോളം മഞ്ഞ് വീണ ഇവിടെ കൂടുതൽ മഞ്ഞും ഒപ്പം ഐസ് മഴയും ഉണ്ടായേക്കാം. കനത്ത മഴയെത്തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഹൈഡ ഗ്വായ്, നോർത്ത് കോസ്റ്റ് മേഖലകളിൽ ബി.സി റിവർ ഫോർകാസ്റ്റ് സെന്റർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിവേഗത്തിലുള്ള നീരൊഴുക്ക്, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
അലാസ്കൻ പാൻഹാൻഡിലിനെയും യൂക്കോണിനെയും ബന്ധിപ്പിക്കുന്ന സൗത്ത് ക്ലോണ്ടൈക്ക് ഹൈവേ, ഹെയ്ൻസ് റോഡ് എന്നിവിടങ്ങളിൽ 40 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ബി.സി-യൂക്കോൺ അതിർത്തിയിലെ കാസിയാർ പർവതനിരകളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Up to 200 millimetres of rain expected on B.C.’s North Coast



