ആരോഗ്യത്തിന്റെ കലവറയാണ് പഴങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യം കൂട്ടാനും സ്ട്രോക്ക്, കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നതിൽ സംശയമില്ല. എന്നാൽ പഴങ്ങൾ എങ്ങനെ, എപ്പോൾ, എത്ര അളവിൽ കഴിക്കുന്നു എന്നതിലാണ് കാര്യം! പലരും വരുത്തുന്ന ചില വലിയ തെറ്റുകൾ കാരണം ഈ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാതെ പോകുന്നു. ശരിയായ രീതി അറിയാമെങ്കിൽ പഴങ്ങൾ ശരിക്കും ‘സൂപ്പർ ഫുഡ്’ ആണ്.
ജ്യൂസ് ആയി കുടിക്കുമ്പോൾ
പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ജ്യൂസ് അഥവാ പഴച്ചാറിൽ നിന്ന് ദഹനത്തിന് ആവശ്യമായ നാരുകൾ (ഫൈബർ) പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു. ഇത് വെറും മധുരപാനീയം പോലെയാകും, കൂടുതൽ കാലറിയും എത്തും. ജ്യൂസിനെക്കാൾ ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞതും വിശപ്പകറ്റുന്നതും മുഴുവൻ പഴങ്ങളാണ്. ജ്യൂസ് നിർബന്ധമാണെങ്കിൽ ഒരു ചെറിയ ഗ്ലാസ് മാത്രം കുടിക്കുക.
ഭക്ഷണശേഷം ഡെസ്സർട്ട്?
ഭക്ഷണം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ സാധ്യതയുണ്ട്. അന്നജം അടങ്ങിയ ഭക്ഷണത്തിന് 20-30 മിനിറ്റ് മുൻപ് പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് വിശപ്പ് കുറയ്ക്കാനും ഭക്ഷണശേഷം ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും. സമയം ശ്രദ്ധിച്ച് കഴിച്ചാൽ ഗുണം ഇരട്ടിയാക്കാം.
ഡ്രൈ ഫ്രൂട്ട്സും സ്മൂത്തിയും അമിതമായാൽ!
ഉണങ്ങിയ പഴങ്ങളിൽ (ഡ്രൈ ഫ്രൂട്ട്‌സ്) ജലാംശം നീക്കം ചെയ്യുന്നതിനാൽ കാലറി വളരെ കൂടുതലാണ്. ഇവ അളവറിയാതെ കഴിച്ചാൽ ഭാരം കൂടും. യോഗർട്ടിലോ സാലഡിലോ ഒരു സ്പൂൺ മാത്രം ചേർത്ത് കഴിക്കുന്നതാണ് നല്ലത്. അതുപോലെ, സ്മൂത്തി ഉണ്ടാക്കുമ്പോൾ ബ്ലെൻഡിംഗ് കാരണം കോശഭിത്തികൾ വിഘടിക്കുകയും, പാലും തേനും ചേർക്കുമ്പോൾ കാലറിയും പഞ്ചസാരയും കൂടുകയും ചെയ്യുന്നു. സ്മൂത്തിക്ക് പകരം പച്ചക്കറിയോ പ്രോട്ടീൻ പൗഡറോ ചേർത്ത മിശ്രിതം ഉപയോഗിക്കാൻ ശ്രമിക്കുക.
പ്രമേഹരോഗികൾ അളവ് ശ്രദ്ധിക്കണം:
പഴങ്ങളിലെ പഞ്ചസാര ‘നാച്വറൽ ഷുഗർ’ ആണെങ്കിലും, പ്രമേഹരോഗികൾ അമിതമായി കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടും. കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ഓർക്കുക. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ മാത്രം തിരഞ്ഞെടുക്കുകയും കഴിക്കുന്ന അളവ് നിയന്ത്രിക്കുകയും ചെയ്യണം.
കാലറി എണ്ണുന്നില്ലേ?
എല്ലാ പഴങ്ങളിലും ഒരേ അളവിൽ കാലറി അല്ല. വാഴപ്പഴം, മാമ്പഴം, അവക്കാഡോ എന്നിവ കാലറി കൂടിയവയാണ്. വലിയ അളവിൽ ഇവ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഇത്തരം പഴങ്ങളോടൊപ്പം വിശപ്പകറ്റാൻ പ്രോട്ടീനോ ഫൈബറോ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
പുളിരസമുള്ള പഴം കഴിച്ച ഉടൻ പല്ല് തേച്ചാൽ?
ഓറഞ്ച്, നാരങ്ങ പോലുള്ള അമ്ലഗുണമുള്ള (acidic) പഴങ്ങളും ജ്യൂസുകളും കഴിച്ച ശേഷം ഉടൻ പല്ല് തേക്കരുത്. ഇത് പല്ലിന്റെ ഇനാമൽ നഷ്‌ടപ്പെടാൻ കാരണമാകും. ഇത്തരം പഴങ്ങൾ കഴിച്ച ഉടൻ നന്നായി വായ കഴുകുകയും, പല്ല് തേക്കുന്നതിന് മുൻപ് അൽപ്പം സമയം നൽകുകയും ചെയ്യുക.
ഒരേതരം പഴങ്ങളും ‘ഫ്രൂട്ട് ഡയറ്റും’ വേണ്ട
ഒരേതരം പഴങ്ങൾ മാത്രം കഴിക്കുന്നത് ശരിയല്ല. വ്യത്യസ്ത പഴങ്ങളിൽ വ്യത്യസ്ത പോഷകങ്ങളും ഫൈറ്റോകെമിക്കലുകളും ഉണ്ട്. ഓരോ സീസണിലും ലഭിക്കുന്ന വ്യത്യസ്തതരം പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. അതുപോലെ, ‘ഫ്രൂട്ട് ഡയറ്റ്’ (പഴങ്ങൾ മാത്രമുള്ള ഭക്ഷണരീതി) പ്രോട്ടീൻ, അവശ്യകൊഴുപ്പ്, ഫൈബർ എന്നിവയുടെ കുറവിന് കാരണമാകും. പഴങ്ങൾ സമീകൃതാഹാരത്തിന്റെ ഭാഗമായി മാത്രം ഉൾപ്പെടുത്തുക; ഒരിക്കലും പഴങ്ങൾ മാത്രമുള്ള ഭക്ഷണം ശീലമാക്കരുത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Be careful when eating fruits! Avoid these mistakes that do more harm than good






