വിക്ടോറിയ: ബി.സി. ട്രാൻസിറ്റിന്റെ പുതിയ ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം (Umo) വന്നതോടെ ഗ്രേറ്റർ വിക്ടോറിയയിൽ ഇളവുകളോടുകൂടിയ ബസ് പാസുകൾ ദുരുപയോഗം ചെയ്യുന്നത് വർധിച്ചതായി റിപ്പോർട്ട്. യുവജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കുമായി ഉദ്ദേശിച്ച 30 ദിവസത്തെ കൺസെഷൻ പാസുകൾ (Concession Pass) ആണ് ഇപ്പോൾ ബസ് യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഈ ഡിജിറ്റൽ സംവിധാനത്തിൽ പ്രായം തെളിയിക്കേണ്ട ആവശ്യമില്ലാത്തതാണ് ഇതിന് കാരണം.
ബി.സി. ട്രാൻസിറ്റ് നൽകുന്ന കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ മുതിർന്നവർക്കുള്ള പ്രതിമാസ പാസുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ 8,000 കുറവുണ്ടായി. അതായത് 78,000-ൽ നിന്ന് 70,000 ആയി കുറഞ്ഞു. എന്നാൽ, ഇതേ കാലയളവിൽ കൺസെഷൻ പാസുകൾ വാങ്ങുന്നവരുടെ എണ്ണം 90,000-ത്തിൽ നിന്ന് 116,000 ആയി, ഏകദേശം 29 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. $45 വിലയുള്ള കൺസെഷൻ പാസാണ് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മൊത്തം ബസ് യാത്രകളിൽ 28 ശതമാനവുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.
പുതിയ Umo സംവിധാനം അവതരിപ്പിക്കുന്നതിന് മുമ്പ്, ഈ ഇളവുള്ള പാസുകൾ നേരിട്ട് വാങ്ങാൻ തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലായിരുന്നു. എന്നാൽ, $23.2 മില്യൺ ചെലവിൽ നടപ്പിലാക്കിയ Umo ഡിജിറ്റൽ സംവിധാനത്തിലും പ്രായപരിധി പരിശോധിക്കാനുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഫെയർ വെട്ടിപ്പിന് കാരണമാകുന്നുണ്ടെങ്കിലും, യാത്രാ ഇളവ് വർധിച്ചത് മഹാമാരിക്ക് ശേഷമുള്ള പൊതുഗതാഗത ഉപയോഗത്തിന്റെ വീണ്ടെടുപ്പിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ബി.സി. ട്രാൻസിറ്റ് പ്രതികരിച്ചത്.
ട്രാൻസിറ്റ് സൂപ്പർവൈസർമാരെ ഉപയോഗിച്ച് ഫെയർ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും പിഴ ഈടാക്കുകയോ ശരിയായ ടിക്കറ്റ് എടുപ്പിക്കുകയോ ചെയ്യുന്നില്ല. അതിരൂക്ഷമായ ജീവിതച്ചെലവ് പ്രതിസന്ധി നിലനിൽക്കുമ്പോൾ, ജനങ്ങൾ യാത്ര ചെയ്യാനുള്ള എളുപ്പവഴികൾ തേടുന്നതിൽ അത്ഭുതമില്ലെന്ന് വിക്ടോറിയ ട്രാൻസിറ്റ് റൈഡേഴ്സ് യൂണിയൻ അഭിപ്രായപ്പെട്ടു. പൊതുഗതാഗതം സൗജന്യമാക്കാൻ പ്രൊവിൻഷ്യൽ സർക്കാർ മുൻഗണന നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Big loss: With the arrival of Umo payment, discount passes regardless of age; Authorities in crisis






