രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ നറുക്കെടുപ്പുകളിൽ വ്യാജരേഖകളും കൈക്കൂലിയും ഉപയോഗിച്ച് വൻ അട്ടിമറി നടത്തിയ കേസിൽ പ്രതികളുടെ ശിക്ഷ കടുപ്പിച്ച് കുവൈറ്റ് അപ്പീൽ കോടതി ഉത്തരവിട്ടു. 96 ആഡംബര കാറുകളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മറ്റ് സമ്മാനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. കൗൺസിലർ അബ്ദുള്ള അൽ- സനെയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് പ്രതികൾക്ക് തടവുശിക്ഷയും വൻ തുക പിഴയും ചുമത്തി അന്തിമ വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്നാം പ്രതിയായ കുവൈറ്റ് വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ശിക്ഷ കോടതി ശക്തമാക്കി. കീഴ്ക്കോടതി വിധിച്ച 10 വർഷത്തെ തടവ് അപ്പീൽ കോടതി 15 വർഷത്തെ തടവായി ഉയർത്തുകയായിരുന്നു. ഇതിനുപുറമെ ഇയാൾക്ക് 30 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 80 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. മന്ത്രാലയത്തിലെ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ.
തട്ടിപ്പിന് കൂട്ടുനിന്ന ഈജിപ്ഷ്യൻ സ്വദേശിയായ യുവതി, അവരുടെ ഭർത്താവ്, ഒപ്പം മറ്റ് 15 പ്രതികൾ എന്നിവർക്ക് 10 വർഷം വീതം തടവും 30 ലക്ഷം ദിനാർ പിഴയും കോടതി വിധിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾക്ക് നാല് വർഷം വീതം തടവ് ശിക്ഷയും കോടതി ചുമത്തിയിട്ടുണ്ട്. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന 38 പേർക്ക് കോടതി കൃത്യമായ താക്കീതുകളോടെ ശിക്ഷയിൽ നിന്ന് ഇളവ് നൽകിയപ്പോൾ, മറ്റ് 13 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി പൂർണ്ണമായി വെറുതെ വിടുകയും ചെയ്തു.
Attempt to steal 96 luxury cars and gifts worth crores; Kuwait Appeal Court toughens punishment for accused
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





