മസ്കറ്റ്: കടൽമാർഗം അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ് കമാൻഡ് പിടികൂടി. മസ്കറ്റ് ഗവർണറേറ്റിലെ അൽ സീബ് തീരത്തിന് സമീപ വച്ചാണ് ബോട്ടിൽ എത്തിയ സംഘത്തെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. വിദേശരാജ്യങ്ങളിൽ നിന്ന് അനധികൃതമായി ആളുകളെ എത്തിക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് പരിശോധന നടത്തിയത്.
അറസ്റ്റിലായ ആളുകളുടെ പേരുവിവരങ്ങളോ ഏത് രാജ്യക്കാരാണെന്ന കാര്യങ്ങളോ റോയൽ ഒമാൻ പൊലീസ് നിലവിൽ പുറത്തുവിട്ടിട്ടില്ല. പിടിയിലായ എല്ലാവർക്കുമെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇവരെ ഉടൻ തന്നെ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെയായി കടൽ അതിർത്തികൾ കേന്ദ്രീകരിച്ച് ഇത്തരം അനധികൃത കുടിയേറ്റ ശ്രമങ്ങളും മനുഷ്യക്കടത്തും വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ റോയൽ ഒമാൻ പൊലീസും സുരക്ഷാ ഏജൻസികളും നിരീക്ഷണം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ കടലിലെ പരിശോധനകൾ നടക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attempt to enter Oman illegally by sea: 28 Asian nationals apprehended by the Coast Guard.





