വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരത്തേക്ക് നീങ്ങുന്ന ഒരു അറ്റ്‌മോസ്ഫെറിക് റിവർ കാരണം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത. അറ്റ്‌മോസ്ഫെറിക് റിവർ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണം ബുധനാഴ്ച വൈകുന്നേരം വരെ തെക്കുപടിഞ്ഞാറൻ ബി.സി.യുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് എൻവയോൺമെന്റ് കാനഡയുടെ പ്രവചനം. ഫ്രേസർ താഴ്‌വരയുടെ ഉൾപ്രദേശങ്ങളിൽ 70 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, പുതിയ കളർ-കോഡ്ഡ് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം അനുസരിച്ച് ഈ മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറ്റ്‌മോസ്ഫെറിക് റിവർ എന്നത്, അന്തരീക്ഷത്തിലൂടെ ഒഴുകി നീങ്ങുന്നതും വൻതോതിൽ ഈർപ്പം സംഭരിച്ചിരിക്കുന്നതുമായ പ്രതിഭാസമാണ്.ഇതിനെ ലളിതമായി ‘ആകാശഗംഗ’ അഥവാ ‘ആകാശത്തിലെ നദി’ എന്ന് വിളിക്കാം.
കൊടുങ്കാറ്റിനൊപ്പമെത്തുന്ന ചൂടേറിയ കാറ്റ് കാരണം മഞ്ഞുകട്ടകൾ അതിവേഗം ഉരുകിത്തുടങ്ങും. ഈ മഞ്ഞൊഴുക്കും കനത്ത മഴയും മണ്ണിലെ ഈർപ്പവും ചേരുമ്പോൾ നദികളിലെ നീരൊഴുക്ക് ക്രമാതീതമായി വർധിക്കാനും തൽഫലമായി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഇവിടെ 50 മുതൽ 80 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച കുറയാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർക്ക് കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ബി.സി. റിവർ ഫോർകാസ്റ്റ് സെന്റർ ഫ്രേസർ താഴ്‌വരയിലെ താഴ്ന്ന ഫ്രേസർ നദീതടങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ നദീതടങ്ങളിലും വെള്ളപ്പൊക്ക നിരീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവിശ്യയുടെ മൂന്ന്-തല മുന്നറിയിപ്പ് സംവിധാനത്തിലെ രണ്ടാമത്തെ ലെവലാണ് ഫ്ലഡ് വാച്ച്, ഇത് നദീതീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചത് ഈ സമയത്തെ അപേക്ഷിച്ച് അസാധാരണമായി ഉയർന്ന അളവാണെന്നും അധികൃതർ അറിയിച്ചു. നദീതീരങ്ങളിൽ നിന്ന് അകന്നുനിൽക്കാനും വെള്ളപ്പൊക്കമുണ്ടായ റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
കാനഡ കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ വർണ്ണാധിഷ്ഠിത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനമാണ് ഇവിടെ പ്രയോഗത്തിൽ വരുന്നത്.
ഈ സംവിധാനം കാലാവസ്ഥാ പ്രവചനത്തിന്റെ ആഘാതവും സാധ്യതയും വ്യക്തമായി മനസ്സിലാക്കി പൊതുജനങ്ങളെ സജ്ജമാക്കാൻ സഹായിക്കുന്നു. ഓറഞ്ച് അലേർട്ട് എന്നാൽ കനത്ത നാശനഷ്ടങ്ങൾ, തടസ്സങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നും ഉള്ള ഉയർന്ന പ്രവചന സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. മിതമായതും പ്രാദേശികവുമായ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ മഞ്ഞ മുന്നറിയിപ്പാണ് നൽകുക. വളരെ അപകടകരമായ, ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് റെഡ് അലേർട്ട് നൽകുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Atmospheric River: Heavy rains on British Columbia’s south coast; Orange alert in Fraser Valley






