ഹൂസ്റ്റണ്‍: അൻപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ എത്തിച്ച ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി. പത്ത് ദിവസം നീണ്ടുനിന്ന പര്യവേഷണത്തിന് ശേഷം ദൗത്യസംഘം സഞ്ചരിച്ച ഓറിയോൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37-ഓടെ പസഫിക് സമുദ്രത്തിൽ പതിച്ചു. സാൻറിയാഗോ തീരത്തോട് ചേർന്നാണ് പേടകം സ്പ്ലാഷ് ഡൗൺ നടത്തിയത്. 1972-ലെ അപ്പോളോ 17-ന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോയ ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഭൂമിയിൽ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം (Far side) നേരിട്ട് കാണാനും അവിടുത്തെ ചിത്രങ്ങളും വീഡിയോകളും പകർത്താനും ദൗത്യത്തിലൂടെ സാധിച്ചു. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, ജെറമി ഹാൻസൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഈ ചരിത്രയാത്രയിൽ പങ്കാളികളായത്. ഇവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയില്ലെങ്കിലും, ചന്ദ്രനെ വലംവെച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു. ഇതോടെ ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഈ സംഘം സ്വന്തമാക്കി.
നാസയുടെ ആർട്ടിമിസ് പദ്ധതിയിലെ രണ്ടാം ഘട്ടമായിരുന്നു ഈ ദൗത്യം. 2022-ൽ മനുഷ്യരില്ലാതെ നടത്തിയ ആർട്ടിമിസ് 1-ന്റെ വിജയത്തിന് പിന്നാലെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംഘത്തെ അയച്ചത്. ഈ ദൗത്യം പൂർണ്ണ വിജയമായതോടെ, അടുത്ത ഘട്ടങ്ങളിൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ആർട്ടിമിസ് 4 ദൗത്യത്തിലൂടെ മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാലുകുത്തുമെന്നാണ് അമേരിക്കയുടെയും നാസയുടെയും കണക്കുകൂട്ടൽ.
Artemis 2 returns after seeing the far side of the moon; lands safely in the Pacific Ocean
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



