നിങ്ങൾക്ക് ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷമിച്ചിട്ടുണ്ടോ? എത്ര ആലോചിച്ചിട്ടും ഒരു വഴി കാണാതെ വരുമ്പോൾ, നിങ്ങൾ ആ പ്രശ്‌നം ഉപേക്ഷിച്ച് വേറെന്തെങ്കിലും ചെയ്യാൻ പോകും. ചിലപ്പോൾ ഒരു കുളി പാസ്സാക്കുകയോ, അല്ലെങ്കിൽ കൂട്ടുകാരുമായി സംസാരിക്കുകയോ ചെയ്യും. ആ പ്രശ്നത്തെക്കുറിച്ച് നിങ്ങൾ പൂർണ്ണമായും മറന്ന സമയത്ത്, ഒരു മിന്നായം പോലെ അതിന്റെ ഉത്തരം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മനസ്സ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി കഴിഞ്ഞിരിക്കും.
എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നോർത്ത് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ഉപബോധ മനസ്സിന്റെ ഒരു ചെറിയ മാജിക് മാത്രമാണിത്. നമ്മുടെ മനസ്സിന് രണ്ട് ഭാഗങ്ങളുണ്ട്: ബോധ മനസ്സ് (conscious mind) ഉപബോധ മനസ്സ് (unconscious mind) എന്നിവയാണവ. ബോധ മനസ്സ് നമ്മൾ ചിന്തിക്കുകയും, തീരുമാനമെടുക്കുകയും, കണക്കുകൂട്ടുകയും ചെയ്യുന്ന മനസ്സിന്റെ ഭാഗമാണ്. എന്നാൽ ഉപബോധ മനസ്സ് ഒരു വലിയ ഇരുണ്ട മുറി പോലെയാണ്.
അവിടെയാണ് നമ്മുടെ ഓർമ്മകളും, വികാരങ്ങളും, സ്വപ്നങ്ങളും, നമ്മൾ അറിയാതെ നടക്കുന്ന ചിന്തകളും എല്ലാം സൂക്ഷിച്ചിരിക്കുന്നത്. ഒരു പ്രശ്നം പരിഹരിക്കാൻ ഉപബോധ മനസ്സ് ഈ മുറിയിലെ വിവരങ്ങളെല്ലാം കൂട്ടിച്ചേർത്ത്, നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒരു ഉത്തരം കണ്ടെത്തി തരും. 1926-ൽ ഗ്രഹാം വാലസ് എന്ന മനശാസ്ത്രജ്ഞൻ ഈ പ്രക്രിയയെ നാല് ഘട്ടങ്ങളായി വിവരിച്ചു:
തയ്യാറെടുപ്പ്: ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ ആവശ്യമായ വിവരങ്ങളെല്ലാം ഈ ഘട്ടത്തിൽ നമ്മൾ ശേഖരിക്കുന്നു.
ഇൻക്യുബേഷൻ: ഈ ഘട്ടത്തിൽ നിങ്ങൾ ആ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കാതെ മാറിനിൽക്കുന്നു. നിങ്ങളുടെ ഉപബോധ മനസ്സ് ആ പ്രശ്നത്തിൽ പണി തുടങ്ങുന്നത് ഈ സമയത്താണ്.
വെളിപാട്: ഒരു പുതിയ ആശയം പെട്ടെന്ന് നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരുമ്പോൾ, നിങ്ങളുടെ ഉപബോധ മനസ്സ് ഒരു ഉത്തരം കണ്ടെത്തിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കാം.
പരിശോധന: ലഭിച്ച ഉത്തരം ശരിയാണോ എന്ന് ഈ ഘട്ടത്തിൽ നമ്മൾ ഉറപ്പുവരുത്തുന്നു.
ഇൻക്യുബേഷനെക്കുറിച്ച് പഠിക്കാൻ പല ഗവേഷകരും ശ്രമിച്ചിട്ടുണ്ട്. ഡച്ച് മനശാസ്ത്രജ്ഞനായ ആപ് ഡിജസ്റ്റർഹ്യൂയിസ് നടത്തിയ ഒരു പഠനത്തിൽ, മൂന്ന് ഗ്രൂപ്പുകൾക്ക് ചില ജോലികൾ നൽകി. ഒരു ഗ്രൂപ്പിന് ജോലിയെക്കുറിച്ച് പെട്ടെന്ന് ഉത്തരം നൽകേണ്ടി വന്നു, രണ്ടാമത്തെ ഗ്രൂപ്പിന് കുറച്ച് സമയം ചിന്തിക്കാൻ കിട്ടി. എന്നാൽ മൂന്നാമത്തെ ഗ്രൂപ്പിനെ മറ്റൊരു ജോലി നൽകി ശ്രദ്ധ മാറ്റാൻ അനുവദിച്ചു. ഇതിൽ മൂന്നാമത്തെ ഗ്രൂപ്പാണ് കൂടുതൽ ശരി ഉത്തരങ്ങൾ നൽകിയത്. ഇതിൽ നിന്ന് മനസ്സിലാകുന്നത്, നമ്മൾ മനസ്സിന് വിശ്രമം നൽകുമ്പോൾ ഉപബോധ മനസ്സ് കൂടുതൽ നന്നായി പ്രവർത്തിക്കുമെന്നാണ്.
ഇൻക്യുബേഷൻ വഴി ഒരു ഉത്തരം കിട്ടണമെങ്കിൽ, മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, നിങ്ങൾക്ക് ആ പ്രശ്നം പരിഹരിക്കാൻ ആഗ്രഹം വേണം. രണ്ട്, ആ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല അറിവ് വേണം. മൂന്ന്, നിങ്ങൾ ശാന്തനായിരിക്കണം. നിങ്ങളുടെ മനസ്സ് ടെൻഷനില്ലാതെ ശാന്തമായിരിക്കുമ്പോൾ മാത്രമേ അത് ശരിയായ വഴിയിലൂടെ ചിന്തിക്കുകയുള്ളൂ.
സ്വപ്നങ്ങളും ഉപബോധ മനസ്സും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. പല ശാസ്ത്രജ്ഞർക്കും കലാകാരന്മാർക്കും സ്വപ്നങ്ങളിൽ നിന്നാണ് പുതിയ ആശയങ്ങൾ ലഭിച്ചത്. ഒരു പാമ്പ് സ്വന്തം വാൽ കടിക്കുന്ന സ്വപ്നം കണ്ടിട്ടാണ് ബെൻസീൻ എന്ന രാസവസ്തുവിന്റെ ഘടന ഓഗസ്റ്റ് കെക്കുലെ കണ്ടുപിടിച്ചത്. പോൾ മക്കാർട്ട്നിയുടെ ‘യെസ്റ്റർഡേ’ എന്ന പ്രശസ്തമായ പാട്ടിന്റെ ഈണം അദ്ദേഹത്തിന് ഒരു സ്വപ്നത്തിലാണ് കിട്ടിയത്. നമ്മുടെ ചിന്തകളെയും, സർഗ്ഗാത്മകതയെയും രൂപപ്പെടുത്തുന്നതിൽ ഉപബോധ മനസ്സിന് വലിയ പങ്കുണ്ട്. അതെങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
Are you stuck on finding the answer? Try this trick!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






