തിരക്കിനിടയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മറന്നുപോകുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഒരു ദിവസം 500 മില്ലിലിറ്ററിൽ (അര ലിറ്റർ) താഴെ മാത്രം വെള്ളം കുടിക്കുന്നത് ശരീരത്തിൽ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നടത്തിയ ഏറ്റവും പുതിയ ക്രോസ്സ് സെക്ഷണൽ പഠനം. നിർജലീകരണം (Dehydration) ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് മുൻപുതന്നെ ആന്തരിക സംവിധാനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് പഠനം പ്രധാനമായും വ്യക്തമാക്കുന്നത്. വെള്ളം കുടിക്കാൻ മടിയുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്.
ശരീരത്തിലെ മാലിന്യങ്ങൾ അരിച്ച് മാറ്റുന്നതിൽ വൃക്കകൾക്ക് പ്രധാന പങ്കുണ്ട്. ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് 500 മില്ലിയിൽ താഴെയാകുമ്പോൾ, വൃക്കകൾക്ക് കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരികയും ഇത് അവയെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ദ്രാവക നഷ്ടം നികത്താനായി വൃക്കകൾ ശ്രമിക്കുമ്പോൾ മൂത്രം കട്ടിയുള്ളതും ഇരുണ്ട നിറത്തിലുമുള്ളതുമായി മാറുന്നു. കൂടാതെ, ജലസംരക്ഷണ ഹോർമോണായ വാസോപ്രസിൻ്റെ അളവ് വർധിക്കുന്നത് ദീർഘകാലമായുള്ള നിർജലീകരണത്തെ സൂചിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകളുടെ വലുപ്പം വർദ്ധിപ്പിക്കാനും അപകടസാധ്യത കൂട്ടാനും ഇടയാക്കും.
ശരീരത്തിലെ ജലാംശം കുറയുമ്പോൾ രക്തത്തിന്റെ അളവ് ചെറുതായി കുറയാൻ കാരണമാകുന്നു. ഇത് രക്തചംക്രമണ പ്രക്രിയയെ മന്ദഗതിയിലാക്കുകയും, ഈ പ്രവർത്തനം നിലനിർത്താൻ ശരീരം ശ്രമിക്കുമ്പോൾ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്നത് ശ്രദ്ധക്കുറവ്, കടുത്ത തലവേദന, ദേഷ്യം, മന്ദത എന്നിവയ്ക്ക് വഴിവെക്കും. അതുപോലെ, പടികൾ കയറുന്നതുപോലുള്ള ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പേശികൾ വേഗത്തിൽ ക്ഷീണിക്കാൻ നിർജലീകരണം കാരണമാകും.
ദഹനത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും വെള്ളം അത്യാവശ്യ ഘടകമാണ്. ജലാംശം കുറയുമ്പോൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ഇത് മലബന്ധത്തിനും വയറ് വീർക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഉമിനീരിൻ്റെ അളവ് കുറയുന്നത് ദഹനത്തെ കാര്യക്ഷമമല്ലാതാക്കുന്നു. കൂടാതെ, ശരീരം ദാഹവും വിശപ്പും കൊണ്ട് സമ്മർദ്ദത്തിലാകുമ്പോൾ, വിശപ്പ് ശക്തമായി അനുഭവപ്പെടാം. ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് പതുക്കെയാകുന്നത് മാനസികാവസ്ഥയെയും ഉപാപചയ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.
അതുകൊണ്ട്, ആരോഗ്യകരമായ ജീവിതത്തിന് മതിയായ ജലാംശം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുടിക്കുന്ന വെള്ളത്തിൻ്റെ അളവിൽ ഒന്നോ രണ്ടോ ഗ്ലാസുകൾ വർദ്ധിപ്പിക്കുന്നത് പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധേയമായ മാറ്റം വരുത്താൻ സഹായിക്കും. ആരോഗ്യപരമായ വെല്ലുവിളികൾ ഒഴിവാക്കാൻ ഓരോ വ്യക്തിയും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Are you drinking less than 500 ml of water a day? If so, these are the changes that happen to your body






