രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് കെട്ടിടനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) രംഗത്തെത്തി.വീടുകൾക്ക് ഈടാക്കുന്നതിനേക്കാൾ വലിയ നികുതിയാണ് കടകൾക്ക് ഈടാക്കുന്നതെന്നും, ഇത് നീതിയല്ലെന്നും CFIB ചൂണ്ടിക്കാട്ടി. കാനഡയിലെ ഏറ്റവും വലിയ ചെറുകിട, ഇടത്തരം ബിസിനസ്സുകളുടെ സംഘടനയാണ് CFIB.
പുതിയ CFIB റിപ്പോർട്ട് പ്രകാരം, കടകൾക്കുള്ള കെട്ടിടനികുതി സാധാരണ വീടുകളുടേതിനേക്കാൾ ഇരട്ടിയിലധികമാണ്, ഇത് കാരണം ചെറുകിട കച്ചവടക്കാർ കൂടുതൽ പണം നികുതിയായി നൽകേണ്ടി വരുന്നുണ്ട്.അമേരിക്കയുമായുള്ള വ്യാപാര പ്രശ്നങ്ങളും കച്ചവടം കുറഞ്ഞതും ചിലവ് കൂടിയതുമെല്ലാം ചെറുകിട കച്ചവടക്കാർക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് CFIB നോവ സ്കോഷ്യ വിഭാഗം ഡയറക്ടർ ഡങ്കൻ റോബർട്ട്സൺ പറഞ്ഞു. നികുതി നിശ്ചയിക്കുമ്പോൾ മുനിസിപ്പാലിറ്റികൾ കൂടുതൽ നീതി കാണിക്കണമെന്നും ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് പ്രവൃത്തിയിലൂടെ കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകൾക്കുള്ള നികുതി കൂട്ടുന്നത് നിർത്താനും, വീടുകൾക്കും കടകൾക്കുമുള്ള നികുതിയിലെ വലിയ വ്യത്യാസം കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് 70 ശതമാനത്തിലധികം ചെറുകിട കച്ചവടക്കാരും ആവശ്യപ്പെടുന്നുണ്ട്. “ഈ കൂടിയ നികുതി കാരണം പത്തിൽ ആറ് കടയുടമകളും സാധനങ്ങളുടെ വില കൂട്ടാൻ നിർബന്ധിതരാകുന്നുണ്ട്. ഇത് സാധനം വാങ്ങുന്നവരെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകിട കടകൾക്ക് കെട്ടിടനികുതി കുറയ്ക്കാനും, വീടുകളും കടകളും തമ്മിലുള്ള നികുതി വ്യത്യാസം ഇല്ലാതാക്കാനും, ജനസംഖ്യയുടെ വളർച്ചയ്ക്കും വിലക്കയറ്റത്തിനും അനുസരിച്ച് നികുതിയും ചിലവുകളും ക്രമീകരിക്കാനും CFIB സർക്കാരിനോട് ആവശ്യപ്പെട്ടു.
CFIB takes the stand against building tax



