കൊച്ചി: കലൂർ സ്റ്റേഡിയത്തെക്കുറിച്ച് ആശങ്ക വേണ്ട! സ്റ്റേഡിയം നന്നാക്കി ഉടൻതന്നെ ജിസിഡിഎയ്ക്ക് തിരികെ നൽകുമെന്ന് സ്പോൺസർ ആൻ്റോ അഗസ്റ്റിൻ. നവംബർ 30-നകം കേരള സ്പോർട്സ് ഫൗണ്ടേഷനുമായുള്ള കരാർ പ്രകാരം സ്റ്റേഡിയം പൂർണ്ണമായും കൈമാറും. അർജന്റീന ടീം വന്നില്ലെങ്കിൽ പോലും വിഷമിക്കേണ്ട, ലയണൽ മെസിയെ മാത്രമായി കൊച്ചിയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റേഡിയം നവീകരണത്തിന് 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. “ഇതൊരു ബിസിനസ്സല്ല, ഞങ്ങൾ ചെയ്യുന്നത് ഒരു സേവനമാണ്,” ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി. നഷ്ടം വന്നാൽ അത് താൻ സഹിച്ചോളാമെന്നും ആരുടെയും പണം ഇതിനായി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ഇല്ലെന്ന കാര്യം നവീകരണത്തിന് ശേഷമാണ് താൻ അറിഞ്ഞതെന്നും, അതുകൊണ്ട് ഫിഫയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇപ്പോൾ പണികൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേഡിയം കൈക്കലാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സ്റ്റേഡിയത്തെക്കുറിച്ച് പല കോണുകളിൽ നിന്നും ആശങ്കകൾ ഉയർന്നിരുന്നു. മെസിയും അർജന്റീനയും നവംബറിൽ വരില്ലെന്ന് ഉറപ്പായതോടെ ഹൈബി ഈഡൻ എം.പി. ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആൻ്റോ അഗസ്റ്റിൻ നേരിട്ട് മറുപടി നൽകിയത്. നവീകരണം പൂർത്തിയാക്കി മാർച്ചിൽ ഒരു മത്സരം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ‘മാർച്ചിലെ മത്സരത്തിനായി, സൗകര്യമുണ്ടെങ്കിൽ സ്റ്റേഡിയം സർക്കാരിനോട് ചോദിക്കും. തന്നാൽ മതി’. ഇപ്പോൾ സ്റ്റേഡിയത്തിൻ്റെ അവകാശം തനിക്ക് വേണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Messi can play in Kochi even without Argentina; Anto Agustin is confident





