ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലും കിഴക്കൻ ഒന്റാറിയോ, പടിഞ്ഞാറൻ ക്യൂബെക് മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:36-ഓടെയാണ് പ്രദേശം വിറപ്പിച്ചത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യുബെക്കിലെ ഷോവില്ലിൽ (Shawville) നിന്നും 20 കിലോമീറ്റർ വടക്കുകിഴക്കായാണെന്ന് എർത്ത് ക്വേക്ക്സ് കാനഡ അറിയിച്ചു.
ഉച്ചഭക്ഷണ സമയത്തുണ്ടായ ഭൂചലനം സെക്കന്റുകളോളം നീണ്ടുനിന്നു. ഒട്ടാവ, ഫിറ്റ്‌സ്‌റോയ് ഹാർബർ, റിച്ച്മണ്ട്, കോൺസ്റ്റൻസ് ബേ, പെംബ്രോക്ക് തുടങ്ങിയ ഇടങ്ങളിൽ വ്യക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടങ്ങൾ കുലുങ്ങിയതായും വലിയ ട്രക്കുകൾ കടന്നുപോകുന്നതിന് സമാനമായ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. ചിലയിടങ്ങളിൽ വീടുകളുടെ ചുവരുകളിൽ നിന്ന് ചിത്രങ്ങൾ താഴെ വീണതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷോവിൽ മേയർ ബിൽ മക് ക്ലിയറി വ്യക്തമാക്കി.
പടിഞ്ഞാറൻ ക്യുബെക് മേഖലയിലെ ഭൂചലന സാധ്യതയുള്ള ‘വെസ്റ്റേൺ ക്യൂബെക് സിസ്മിക് സോണിലാണ്’ പ്രഭവകേന്ദ്രം ഉൾപ്പെടുന്നത്. സാധാരണയായി റിക്ടർ സ്കെയിലിൽ 5-ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ മാത്രമാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കാറുള്ളതെന്ന് നാച്ചുറൽ റിസോഴ്‌സസ് കാനഡയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഭൂചലനം വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകില്ലെങ്കിലും ഇതിന്റെ പ്രകമ്പനം ടൊറന്റോ, മോൺട്രിയൽ, കിംഗ്സ്റ്റൺ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ പോലും അനുഭവപ്പെട്ടതായി ഔദ്യോഗിക വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ജനുവരിയിലും പടിഞ്ഞാറൻ ക്യുബെക്കിൽ 2.8, 3.0 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ 2010 ജൂണിൽ ഇതേ മേഖലയിൽ ഉണ്ടായ 5.0 തീവ്രതയിലുള്ള ഭൂചലനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. മിതമായി ഭൂചലന സാധ്യതയുള്ള മേഖലയാണിതെന്നും വർഷത്തിൽ ശരാശരി പന്ത്രണ്ടോളം തവണ ഇവിടെ ഇത്തരം ചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും സീസ്മിക് അനലിസ്റ്റ് ക്രിസ് ബൗച്ചർ അറിയിച്ചു.
Another earthquake shakes Ottawa; 3.9 magnitude on the Richter scale, people are still shaking!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









