ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി രാജ്യത്തെ പുതിയ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. 2023 സെപ്റ്റംബറിൽ അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ആ വർഷം ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വലിയ വിള്ളൽ വീണത്. നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് തുടരുകയാണെന്നും അതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും സൂചിപ്പിച്ച മന്ത്രി ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാൻ പുതിയ ചുവടുവെപ്പുകൾ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
“ഇന്ത്യയുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഒരു ഗവൺമെന്റ് എന്ന നിലയിൽ ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്. നമ്മുടെ ബന്ധങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനും ലോകമെമ്പാടും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രക്രിയയുടെ ഭാഗമാണിത്,” അവർ കൂട്ടിച്ചേർത്തു. മെയ് 25 ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുമായി ഫോൺ വിളിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അനിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നയതന്ത്ര സംഘർഷം ആരംഭിച്ച് ഏകദേശം രണ്ട് വർഷമായി കാനഡയുടെയും ഇന്ത്യയുടെയും തലസ്ഥാനങ്ങളിലെ അംബാസഡർ തല തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.



