ഹാലിഫാക്സ് : നോവ സ്കോഷ്യയിൽ ടിക്കുകൾ വഴി പകരുന്ന അനാപ്ലാസ്മോസിസ് രോഗബാധ കുത്തനെ ഉയരുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് വെൽനെസ് വ്യക്തമാക്കി. ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 245 രോഗബാധകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2023-ൽ രോഗനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ 317 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം ഇത് 681 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കറുത്ത കാലുകളുള്ള ടിക്കുകൾ, ബ്രൗൺ ഡോഗ് ടിക്കുകൾ എന്നിവയുടെ കടിയേൽക്കുന്നതിലൂടെയാണ് ബാക്ടീരിയ മൂലമുണ്ടാകുന്ന അനാപ്ലാസ്മോസിസ് മനുഷ്യരിലേക്കും വളർത്തുമൃഗങ്ങളിലേക്കും പകരുന്നത്. ടിക്കുകൾ കടിച്ച് നാല് മണിക്കൂറിനുള്ളിൽ രോഗാണുക്കൾ ശരീരത്തിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് എമർജൻസി മെഡിസിൻ സെന്റ് ജോൺ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. പനി, വിറയൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണാറുള്ളതെങ്കിലും, ചിലരിൽ ലക്ഷണങ്ങളൊന്നും പുറത്തുവരാറില്ലെന്ന് നോവ സ്കോഷ്യ ഹെൽത്തിലെ മൈക്രോബയോളജിസ്റ്റും ഇൻഫെക്ഷ്യസ് ഡിസീസ് ഫിസിഷ്യനുമായ ഡോ. ഗ്ലെൻ പാട്രിക്കിൻ വ്യക്തമാക്കി.
രോഗനിർണ്ണയത്തിനുള്ള ലാബ് പരിശോധനാഫലങ്ങൾ വരാൻ സമയമെടുക്കുമെന്നതിനാൽ, ലക്ഷണങ്ങളും രോഗചരിത്രവും വിലയിരുത്തി ഉടൻ തന്നെ ഡോക്സിസൈക്ലിൻ ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കാറുണ്ട്. മുതിർന്ന പൗരന്മാർക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഈ രോഗബാധ ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നുണ്ടെന്നും എന്നാൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അപൂർവ്വമാണെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. അപൂർവ്വമായി രക്തദാനം, അവയവമാറ്റം, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവ വഴിയും ഇത് പകരാമെന്നും, പുറത്തുപോയി വന്ന ശേഷം ശരീരം പരിശോധിച്ച് ടിക്കുകളെ നീക്കം ചെയ്യുകയാണ് പ്രധാന പ്രതിരോധമാർഗ്ഗമെന്നും വക്താവ് അറിയിച്ചു.
Anaplasmosis outbreak spreading in Canada: Ministry of Health issues alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





