കാനഡയിൽ വ്യാജ രേഖകൾ നിർമ്മിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ജയിലിൽ നിന്ന് മോചിതയായ സ്ത്രീ വീണ്ടും അറസ്റ്റിൽ. ചൊവ്വാഴ്ച ബിസിയിലെ റെവെൽസ്റ്റോക്കിൽ വെച്ചാണ് മക്കെൻസി-ഡോൺ ഹാർഡിയെയും (27) ഡേവിഡ് ജോസഫ് വുഡിനെയും (24) അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ഒരു വാഹനത്തിൽ ദമ്പതികൾ പോകുന്നത് കണ്ട ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വഞ്ചനാപരമായി വ്യാജരേഖകൾ ചമത്ത് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് ഹാർഡിക്കെതിരെ കുറ്റം ചുമത്തി. തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചതിനും, തിരിച്ചറിയൽ രേഖ തട്ടിപ്പ് നടത്തിയതിനും, വ്യാജ രേഖ ചമച്ചതിനും വുഡിനെതിരെയും കേസെടുത്തു.
എഡ്മണ്ടണിന് വടക്കുകിഴക്കുള്ള ഫോർട്ട് സസ്‌കാച്ചെവൻ കറക്ഷണൽ സെന്ററിൽ നിന്ന് ഏപ്രിൽ 25 നാണ് ഹാർഡിയെ മോചിപ്പിച്ചത്. അവരുടെ കുറ്റങ്ങൾ സ്റ്റേ ചെയ്തതായി അവിടത്തെ ഉദ്യോഗസ്ഥർക്ക് രേഖകൾ ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്തരത്തിൽ സ്ത്രീയെ ജയിലിൽ നിന്ന് പുറത്തുവിട്ടത്. എന്നാൽ തങ്ങൾക്ക് പറ്റിയ അമളി മനസ്സിലായതോടെ ഇവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ആഴ്ച ആൽബെർട്ട മുഴുവൻ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.



