ആൽബർട്ട: ആൽബർട്ടയിൽ ഡ്രൈവിംഗ് ലൈസൻസുകളിലും ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളിലും സുപ്രധാന മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് പ്രവിശ്യ സർക്കാർ. ഈ വർഷം ജൂലൈ 2 മുതൽ പുറത്തിറക്കുന്ന പുതിയ കാർഡുകളിൽ വ്യക്തികളുടെ കനേഡിയൻ പൗരത്വ വിവരങ്ങളും ഹെൽത്ത് കെയർ നമ്പറും നേരിട്ട് രേഖപ്പെടുത്തും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ നിലവിൽ ആരോഗ്യ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന പേപ്പർ ഹെൽത്ത് കാർഡുകൾ ഘട്ടങ്ങളായി നിർത്തലാക്കുമെന്നും സർക്കാർ ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ വർധിപ്പിക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് ഈ പുതിയ മാറ്റം ഏർപ്പെടുത്തുന്നത്.
നിലവിലുള്ള പേപ്പർ കാർഡുകൾക്ക് പകരം ഡ്രൈവിംഗ് ലൈസൻസിലോ ഐഡി കാർഡിലോ ഹെൽത്ത് നമ്പർ ഉൾപ്പെടുത്തുന്നതിലൂടെ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യങ്ങൾ തേടുന്നത് കൂടുതൽ എളുപ്പമാകും. അതോടൊപ്പം വ്യാജ രേഖകളും തട്ടിപ്പുകളും തടയുന്നതിനായി വിപുലമായ സുരക്ഷാ സവിശേഷതകളും ഈ പുതിയ കാർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിലെ മാറ്റം എന്നതിലുപരി, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ ലളിതമാക്കാനുള്ള പ്രായോഗിക നടപടിയാണിതെന്ന് മന്ത്രി ഡെയിൽ നാലി വ്യക്തമാക്കി.
അതേസമയം, പുതിയ കാർഡുകളിൽ കനേഡിയൻ പൗരത്വം പ്രത്യേകം രേഖപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ രാജ്യത്ത് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. പൗരത്വമുള്ളവരുടെ കാർഡുകളിൽ പ്രത്യേക അടയാളം നൽകുന്നത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിവേചനത്തിന് ഇത് കാരണമായേക്കുമെന്നും ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ കാർഡുകളുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Alberta government to introduce significant changes to driver's licenses and ID cards





