ക്യുബെക്ക്: ലോംഗ്യൂവിൽ പുതിയ വിമാന ബാറ്ററി പാക്ക് നിർമ്മാണശാല ആരംഭിച്ചു. ഇലക്ട്രിക് വിമാനങ്ങളുടെ ബാറ്ററി പാക്കുകൾ നിർമ്മിക്കുന്ന ഈ പ്ലാന്റിനായി ക്യൂബെക്ക് സർക്കാർ 10 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന സ്വിസ് ഏവിയേഷൻ കമ്പനിയായ എച്ച്55 (H55) ആണ് പ്ലാന്റ് സ്ഥാപിച്ചത്. മൊൺട്രിയലിലെ സെന്റ്-ഹ്യൂബെർട്ട് വിമാനത്താവളത്തിന് സമീപമാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ഇലക്ട്രിക് വ്യോമയാന മേഖല അതിവേഗം വളരുകയാണെന്ന് കമ്പനി സഹസ്ഥാപകൻ ആന്ദ്രേ ബോർച്ബെർഗ് പറഞ്ഞു. “ക്ലീൻ ഏവിയേഷൻ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ മേഖല തിരിച്ചറിഞ്ഞിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ലോംഗ്യൂവിൽ നിർമ്മിക്കുന്ന ബാറ്ററി പാക്കുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 100 ഇലക്ട്രിക് വിമാനങ്ങൾ ഇതിനോടകം വിറ്റഴിച്ചതായും എച്ച്55 അറിയിച്ചു.
സിഎഇ, പ്രാറ്റ് & വിറ്റ്നി, ഹാർബർ എയർ തുടങ്ങിയ പ്രമുഖ കമ്പനികളുമായി എച്ച്55 സഹകരിക്കുന്നുണ്ട്. എച്ച്55-ൻ്റെ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള വിമാനങ്ങൾ അടുത്ത വർഷം പറന്നുയരുമെന്ന് സിഇഒ മാർട്ടിൻ ലാറോസ് വ്യക്തമാക്കി. വൈദ്യുത വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് അദ്ദേഹം പറയുന്നത്, “ഒരു സിംഗിൾ ഇന്ധന എൻജിൻ വിമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടെ വിമാനങ്ങൾ വളരെ സുരക്ഷിതമാണ്. കാരണം, ഇതിന് രണ്ട് എൻജിൻ സംവിധാനങ്ങളുണ്ട്. അതിലൊന്ന് കേടായലും രണ്ടാമത്തേത് ഉപയോഗിച്ച് പറക്കാൻ സാധിക്കും.”
ക്യുബെക്കിൽ നിർമ്മിക്കുന്ന ഈ ബാറ്ററികൾ വിമാനങ്ങളിലെ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്ക് പുറമെ, ലാൻഡിങ് ഗിയർ പോലുള്ള മറ്റ് സംവിധാനങ്ങൾക്കും ഉപയോഗിക്കാമെന്ന് എച്ച്55 സഹസ്ഥാപകൻ ഗ്രിഗറി ബ്ലാറ്റ് പറഞ്ഞു. ഇത് ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈമാനിക മേഖലയിലെ നവീകരണത്തിന് ഈ പ്ലാന്റ് ഒരു മുതൽക്കൂട്ടാകുമെന്ന് ക്യുബെബെക്ക് ഇക്കണോമി മിനിസ്റ്റർ ക്രിസ്റ്റീൻ ഫ്രെഷെറ്റ് അഭിപ്രായപ്പെട്ടു. “ഇതിനാവശ്യമായ എല്ലാ പ്രതിഭകളും ഇവിടെയുണ്ട്, എച്ച്55 ക്യുബെക്ക് തിരഞ്ഞെടുത്തതിൽ ഞാൻ അതീവ സന്തുഷ്ടയാണ്,” അവർ പറഞ്ഞു. ലോംഗ്യൂവിലെ ഈ ബാറ്ററി അസംബ്ലി ലൈൻ സൗത്ത് ഷോറിൽ വളർന്നു വരുന്ന എയ്റോസ്പേസ് ഇന്നൊവേഷൻ സോണിന്റെ ഭാഗമാണ്.






