ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് വാൻകൂവർ വിമാനത്താവളത്തിൽ നാടകീയമായി പിടിയിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ പൈലറ്റിൽ നിന്ന് മദ്യത്തിന്റെ മണം അനുഭവപ്പെട്ട ജീവനക്കാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റിനെ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെ പൈലറ്റിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
പൈലറ്റ് പിടിയിലായതിനെത്തുടർന്ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 186 വിമാനം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് എയർ ഇന്ത്യ മറ്റൊരു പൈലറ്റിനെ അടിയന്തരമായി ക്രമീകരിച്ച ശേഷമാണ് വിമാനം യാത്ര തിരിച്ചത്. സംഭവത്തിൽ പൈലറ്റിനെതിരെ എയർ ഇന്ത്യയും ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air India pilot offload in Canada after failing Alcohol test



