ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലിൽ എയർ ഇന്ത്യ പൈലറ്റായ സണ്ണി അസ്‌ലാദേക്കറെ (Sunny Asladekar) മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽനിന്ന് ദക്ഷിണ കൊറിയയിലെ സോളിലേക്കുള്ള വിമാന സർവീസിന്റെ ക്യാപ്റ്റനായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. വസന്ത് കുഞ്ചിലെ ഹോട്ടൽ മുറിയിൽ രണ്ട് സർവീസുകൾക്കിടയിലുള്ള വിശ്രമവേളയിലാണ് അന്ത്യം സംഭവിച്ചതെന്ന് എയർലൈൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. വ്യാഴാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇദ്ദേഹത്തിന് അടുത്ത ദിവസം പുലർച്ചെയും ഒരു വിമാന സർവീസിന്റെ ചുമതല ഉണ്ടായിരുന്നു.
വെള്ളിയാഴ്ച സണ്ണിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച സഹോദരന് അദ്ദേഹത്തെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ മുറിയിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു കാണപ്പെട്ടത്. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ മാസ്റ്റർ താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രാഥമിക നിഗമനമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണമെന്നാണ് എയർലൈൻ അധികൃതർ വ്യക്തമാക്കുന്നത്. മുമ്പ് എയർ ഇന്ത്യ എക്‌സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി, രണ്ടു മാസം മുമ്പാണ് എയർ ഇന്ത്യയിലേക്ക് മാറിയത്. സംഭവത്തെത്തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Air India Pilot Found Dead in Delhi Hotel, Heart Attack Suspected
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









