ടൊറന്റോ: എയർ കാനഡയിലെ വിമാനജീവനക്കാരുടെ യൂണിയനും കമ്പനിയും തമ്മിൽ താൽക്കാലിക കരാറായതോടെ ശനിയാഴ്ച ആരംഭിച്ച സമരം അവസാനിച്ചു. ഫെഡറൽ മധ്യസ്ഥന്റെ സാന്നിധ്യത്തിൽ രാത്രി മുഴുവൻ നടന്ന ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തിയത്. യൂണിയന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചു. ശമ്പളവുമായി ബന്ധപ്പെട്ട വിഷയത്തിൽ വോട്ടവകാശം സംരക്ഷിക്കാൻ സാധിച്ചതായി യൂണിയൻ വെബ്സൈറ്റിൽ അറിയിച്ചു.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനോട് അംഗങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും യൂണിയൻ നിർദ്ദേശിച്ചിട്ടുണ്ട്. താൽക്കാലികമായുണ്ടാക്കിയ കരാർ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അംഗങ്ങളുടെ പരിഗണനക്കായി സമർപ്പിക്കുമെന്ന് എയർ കാനഡ വ്യക്തമാക്കി. ജീവനക്കാരും വിമാനങ്ങളും അവരവരുടെ സ്ഥാനങ്ങളിലല്ലാത്തതിനാൽ പൂർണ്ണ തോതിലുള്ള സർവീസുകൾ പുനരാരംഭിക്കാൻ ഏഴു മുതൽ പത്തു ദിവസം വരെ എടുത്തേക്കാമെന്ന് എയർ കാനഡ അറിയിച്ചു.
ചില വിമാന സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നത് വരെ റദ്ദാക്കുമെന്നും കമ്പനി അറിയിപ്പിൽ കൂട്ടിച്ചേർത്തു. സ്ഥിരീകരിക്കപ്പെട്ട ബുക്കിങ്ങുകളുള്ളതും യാത്രാ ചെയ്യുന്നതായി കാണിക്കുന്നതുമായ ഫ്ലൈറ്റുകളിലെ യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതി എന്നും എയർ കാനഡ അറിയിച്ചു.
റദ്ദാക്കിയ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ അടുത്ത യാത്രക്ക് ഉപയോഗിക്കാനുള്ള ക്രെഡിറ്റ് നൽകുകയോ ചെയ്യും. സാധ്യമായ ഇടങ്ങളിൽ മറ്റ് വിമാനക്കമ്പനികളിൽ യാത്രക്കാരെ ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും നൽകുമെന്ന് എയർ കാനഡ അറിയിച്ചു.
സമരം തുടങ്ങിയ ശനിയാഴ്ച രാവിലെ തന്നെ ഫെഡറൽ സർക്കാർ വിഷയത്തിൽ ഇടപെട്ടിരുന്നു. ലേബർ കോഡിലെ സെക്ഷൻ 107 അനുസരിച്ച് കമ്പനിയെയും യൂണിയനെയും നിർബന്ധിത ആർബിട്രേഷനിലേക്ക് വിടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിനെ യൂണിയൻ എതിർത്തതിനെത്തുടർന്ന് സമരം നിയമവിരുദ്ധമാണെന്ന് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ പറഞ്ഞിരുന്നു.



