ടൊറന്റോ: എയർ കാനഡയിലെ ജീവനക്കാരുടെ സമരം നീണ്ടുപോകുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടി വന്നിരിക്കുന്നു. എയർ കാനഡയുടെ പണിമുടക്ക് കാരണം ഉണ്ടായ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി മറ്റ് കനേഡിയൻ വിമാനക്കമ്പനികൾ അധിക സർവീസുകൾ നടത്താനും വലിയ വിമാനങ്ങൾ ഉപയോഗിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് യാത്രക്കാർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. മറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റ് അന്വേഷിച്ച യാത്രക്കാർക്ക് വളരെ കുറഞ്ഞ ഓപ്ഷനുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളുമാണ് നേരിടേണ്ടി വന്നത്.
താൽക്കാലികമായി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്നത് വ്യോമയാന മേഖലയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ പറയുന്നു. “ടൊറന്റോയിലെ സബ്‌വേയോ മെട്രോയോ നിലച്ചാൽ പെട്ടെന്ന് ബസ്സുകൾ ഏർപ്പെടുത്തുന്നത് പോലെയല്ല ഇത്. എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കുന്ന ഒന്നല്ല വിമാന സർവീസുകൾ കൂട്ടുന്നത്,” ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം റിസർച്ച് ഡയറക്ടർ വെയ്ൻ സ്മിത്ത് പറഞ്ഞു.
വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനുള്ള ഗേറ്റുകൾ ലഭ്യമാക്കുക, ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയെല്ലാം ഇതിന് തടസ്സമാവുന്നു. ഫ്ലൈറ്റ് ക്രൂവിന് പറക്കാൻ കഴിയുന്ന മണിക്കൂറുകൾക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ട്. പുതിയ ക്രൂവിനെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനും മാസങ്ങളെടുക്കും. എങ്കിലും, പോർട്ടർ, എയർ ട്രാൻസാറ്റ്, വെസ്റ്റ്ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം തിരഞ്ഞെടുത്ത റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും വലിയ വിമാനങ്ങൾ ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്.
പ്രധാന റൂട്ടുകളിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചും വിമാനത്താവളങ്ങളിലെ പങ്കാളികളോടും പൈലറ്റുമാരോടും ക്യാബിൻ ക്രൂവിനോടും സഹകരിച്ചും പരിമിതമായ അധിക സർവീസുകൾ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് വെസ്റ്റ്ജെറ്റ് സിടിവി ന്യൂസിനോട് പറഞ്ഞു. വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച്, അറ്റ്ലാന്റിക് റൂട്ടുകളിൽ ഉൾപ്പെടെ ചില ചെറിയ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങളും വലിയ യാത്രാവിമാനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് എയർ ട്രാൻസാറ്റ് അറിയിച്ചു.
ആവശ്യകത കൂടുന്നതും വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുറവായതുകൊണ്ടും ടിക്കറ്റ് നിരക്കുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. മോൺട്രിയലിൽ നിന്ന് ടൊറന്റോയിലേക്കുള്ള ഒരു വൺ-വേ യാത്രയ്ക്ക് 1,105 ഡോളറാണ് വെസ്റ്റ്ജെറ്റ് ഈടാക്കുന്നത്. “വില കൂടുമെന്നത് സ്വാഭാവികമാണ്, ഇത് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ്.
എയർ കാനഡയുടെ പണിമുടക്ക് കാരണം ആവശ്യകത ഇനിയും ഉയർന്നു,” സ്മിത്ത് കൂട്ടിച്ചേർത്തു. കാനഡയുടെ ആഭ്യന്തര വിപണിയുടെ 43 ശതമാനവും എയർ കാനഡയാണ് കൈകാര്യം ചെയ്യുന്നത്. പ്രതിവർഷം ഏകദേശം അഞ്ച് കോടി യാത്രക്കാരാണ് ഈ വിമാനക്കമ്പനി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വ്യോമയാന മേഖലയിൽ എയർ കാനഡയുടെ സ്വാധീനം ചെറുതല്ല.
യൂറോപ്പിൽ നിന്നും കാനഡയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ വന്ന യാത്രികർ അടക്കം ഈ പ്രതിസന്ധിയിൽ വലയുകയാണ്. യാത്രക്കാർക്ക് യാത്രാ മാർഗങ്ങൾ ലഭിക്കാതെ വരുമ്പോൾ അത് കനേഡിയൻ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുമെന്ന് വെയ്ൻ സ്മിത്ത് ചൂണ്ടിക്കാട്ടി. ചാർട്ടർ വിമാനങ്ങൾക്കും ബസ്സുകൾക്കും ട്രെയിനുകൾക്കും ഡിമാൻഡ് വർധിച്ചതിനാൽ വാടക കാറുകളുടെ നിരക്കും കുതിച്ചുയരുകയാണ്.



