കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയും ജീവനക്കാരുടെ യൂണിയനും തമ്മിൽ താത്കാലികമായി ഒപ്പുവെച്ച തൊഴിൽ കരാർ അംഗീകരിക്കപ്പെടാതെ പോകാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിമാന ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളം നൽകുന്നതിൽ കരാർ പരാജയപ്പെട്ടുവെന്ന് കാട്ടി ജീവനക്കാർക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നതായി റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വേതനക്കരാർ പ്രകാരം, തുടക്കക്കാർക്ക് ജീവിതച്ചെലവ് വഹിക്കാൻ മതിയായ വേതനം ലഭിക്കുന്നില്ലെന്നും, വിമാനത്തിനായി കാത്തിരിക്കുന്ന സമയത്തെ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കരാറിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞ് കരാറിനെതിരെ അഞ്ച് വിമാനജീവനക്കാർ രംഗത്ത് വന്നു. ഒരു രാത്രി നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ഉണ്ടാക്കിയ കരാർ യൂണിയന്റെ വലിയ വിജയമായി ആദ്യം വിലയിരുത്തിയിരുന്നുവെങ്കിലും, വോട്ടിങ്ങിലൂടെ കരാർ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് യൂണിയൻ നേതാവ് വെസ്ലി ലെസോസ്കി തന്നെ സമ്മതിച്ചു. സമൂഹമാധ്യമങ്ങളിലും സമാനമായ അഭിപ്രായങ്ങൾ ജീവനക്കാർ രേഖപ്പെടുത്തി.
കരാർ പ്രകാരം, നാല് വർഷത്തിനുള്ളിൽ തുടക്കക്കാരായ ജീവനക്കാർക്ക് 20% വരെയും, പരിചയസമ്പന്നരായവർക്ക് 16% വരെയും വേതന വർദ്ധനവ് ലഭിക്കും. ഇതിന് പുറമെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപുള്ള സമയം, അതായത് ബോർഡിംഗ്, കാബിൻ ഡ്യൂട്ടി എന്നിവ ചെയ്യുന്നതിനുള്ള ശമ്പളവും കരാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, കരാറിലെ ഈ ആനുകൂല്യങ്ങൾക്ക് പരിധിയുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഒരു വിമാനജീവനക്കാരി പറഞ്ഞതനുസരിച്ച്, കഴിഞ്ഞ ദിവസം വിമാനത്തിന് നാല് മണിക്കൂർ കാലതാമസം നേരിട്ടപ്പോൾ അതിന് വേതനം ലഭിച്ചില്ല. ഇത് പോലുള്ള പ്രശ്നങ്ങൾ പുതിയ കരാറിലും നിലനിൽക്കുന്നതിനാൽ കരാറിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും അവർ പറഞ്ഞു. എയർ കാനഡ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൊഴിൽ തർക്കം പരിഹരിക്കാൻ സർക്കാർ ഇടപെടുകയും നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ്, തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വോട്ടിംഗിനായി കരാർ മുന്നോട്ട് വെക്കാൻ യൂണിയൻ നിർബന്ധിതരായതെന്ന് യൂണിയൻ പ്രസിഡൻ്റ് വെസ്ലി ലെസോസ്കി പറഞ്ഞു. വോട്ടിംഗ് പരാജയപ്പെട്ടാൽ, വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആർബിട്രേഷനിലൂടെ പരിഹരിക്കുമെന്നും, മറ്റ് കാര്യങ്ങൾ കരാർ പ്രകാരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന വോട്ടെടുപ്പിൽ കരാർ നിരസിച്ചാലും ജീവനക്കാർക്ക് വീണ്ടും സമരം ചെയ്യാൻ കഴിയില്ലെന്ന് യൂണിയൻ വ്യക്തമാക്കി. ഈ തൊഴിൽ തർക്കം കാരണം, ഈ വർഷത്തെ സാമ്പത്തിക പ്രവചനങ്ങൾ എയർ കാനഡ പിൻവലിച്ചിരുന്നു. കൂടാതെ, വേതനച്ചെലവ് വർദ്ധിക്കുമെന്ന ആശങ്ക കാരണം മൂഡീസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കമ്പനിയുടെ ഔട്ട്ലുക്ക് തരംതാഴ്ത്തുകയും ചെയ്തു.



