ഷിക്കാഗോ: പ്രമുഖ പാക്കേജ്ഡ് ഫുഡ് കമ്പനിയായ ക്രാഫ്റ്റ് ഹൈൻസിനെ രണ്ടായി വിഭജിക്കാനുള്ള നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ച് കമ്പനി അധികൃതർ. കമ്പനി നേരിടുന്ന നിലവിലെ ബിസിനസ് വെല്ലുവിളികൾ പരിഹരിക്കാവുന്നതാണെന്നും വിഭജനത്തേക്കാൾ ഉപരിയായി പ്രവർത്തനമികവ് വർദ്ധിപ്പിക്കാനാണ് മുൻഗണന നൽകുന്നതെന്നും പുതിയ സി.ഇ.ഒ. സ്റ്റീവ് കാഹില്ലേൻ വ്യക്തമാക്കി.
കമ്പനിയുടെ ലാഭക്ഷമത തിരിച്ചുപിടിക്കുന്നതിനായി നിലവിലുള്ള ബിസിനസ് പ്ലാനുകളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് വിഭജന നടപടികൾ മാറ്റിവെച്ചത്. ഒരു ദശാബ്ദം മുമ്പ് ക്രാഫ്റ്റും ഹൈൻസും ലയിച്ചെങ്കിലും പ്രതീക്ഷിച്ച വളർച്ച നേടാനായിരുന്നില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിയെ ഗ്രോസറി ഉൽപ്പന്നങ്ങൾ, സോസുകൾ എന്നിങ്ങനെ രണ്ട് വ്യത്യസ്ത യൂണിറ്റുകളായി തിരിക്കാൻ തീരുമാനിച്ചത്. എന്നാൽ ജനുവരിയിൽ ചുമതലയേറ്റ കാഹില്ലേൻ, വിഭജന നടപടികൾ കമ്പനിയുടെ വിഭവങ്ങൾ വിനിയോഗിക്കുന്നതിൽ തടസ്സമാകുമെന്ന് വിലയിരുത്തുകയായിരുന്നു.
വിപണിയിൽ ഉൽപ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞത് ക്രാഫ്റ്റ് ഹൈൻസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഉപഭോക്താക്കൾ വിലകുറഞ്ഞ ബ്രാൻഡുകളിലേക്ക് മാറുന്നതും അമേരിക്കയിലെ ഫുഡ് സ്റ്റാമ്പ് ആനുകൂല്യങ്ങളിലെ കാലതാമസവും വിൽപനയെ ബാധിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ വിപണിയിൽ ഗവേഷണത്തിനും മാർക്കറ്റിംഗിനുമായി 600 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. വിഭജന വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ക്രാഫ്റ്റ് ഹൈൻസിന്റെ മൂല്യം അഞ്ച് ശതമാനത്തോളം ഇടിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kraft Heinz withdraws from split; aims for operational excellence and profitability



