ചെന്നൈ: തമിഴ് താരം സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ‘വിശ്വനാഥ് & സൺസി’ന്റെ ആദ്യ ഗാന പോസ്റ്ററിൽ നിന്ന് നായിക മമിത ബൈജുവിന്റെ പേര് ഒഴിവാക്കിയതിനെതിരെ നടി സനം ഷെട്ടി രംഗത്ത്. ചിത്രത്തിലെ പ്രധാന നായികയ്ക്ക് അർഹമായ പരിഗണന നൽകാത്തത് അനീതിയാണെന്നും സിനിമാ വ്യവസായത്തിൽ കാലങ്ങളായി തുടരുന്ന ഈ തെറ്റായ പ്രവണത മാറണമെന്നും സനം ഷെട്ടി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘പട്ടാംമ്പൂച്ചി’ എന്ന ഗാനത്തിന്റെ പോസ്റ്ററിനെ ചൊല്ലിയാണ് ഈ തർക്കം ഉടലെടുത്തിരിക്കുന്നത്.
സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രത്തിലെ ഗാന പോസ്റ്ററിൽ നായകൻ സൂര്യ, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ, നിർമ്മാതാക്കളായ നാഗ വംശി, സായ് സൗജന്യ എന്നിവരുടെ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രധാന നായികയായ മമിതയുടെ പേര് മാത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സനം ഷെട്ടി ചോദ്യം ചെയ്തു. സിനിമയിൽ ഇതിനകം സ്വന്തം കഴിവ് തെളിയിച്ച വ്യക്തിയാണ് മമിതയെന്നും, പുതുമുഖങ്ങളാണെങ്കിൽ പോലും തുല്യമായ ക്രെഡിറ്റ് നൽകാൻ സിനിമാ മേഖല തയ്യാറാകണമെന്നും സനം വ്യക്തമാക്കി.
തെന്നിന്ത്യൻ സിനിമകളിൽ പൊതുവായി കണ്ടുവരുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെയാണ് തന്റെ പ്രതികരണമെന്നും, ഇത് നടൻ സൂര്യക്കോ ഈ ചിത്രത്തിന് മാത്രമായോ ഉള്ള വിമർശനമല്ലെന്നും സനം ഷെട്ടി കൂട്ടിച്ചേർത്തു. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി നടി മമിത ബൈജു പ്രധാന വേഷത്തിലെത്തുന്ന ‘വിശ്വനാഥ് & സൺസ്’ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കളോ മറ്റ് അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mamita's name removed from Suriya's film poster; Actress Sanam Shetty against discrimination in cinema






