കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ ഇനി മണിക്കൂറുകൾ മാത്രം. സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് കേസിൽ അന്തിമ വിധി വരുന്നത്. സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെട്ട കേസായതിനാലും, അതിജീവിതയുടെ ശക്തമായ നിലപാടുകൾ കാരണവും ഈ വിഷയം ദേശീയ ശ്രദ്ധ നേടിയിരുന്നു. കോടതി നടപടികൾ തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ആകെ പത്ത് പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ഒന്നാം പ്രതി പൾസർ സുനിയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തിയെന്നതുമാണ് കേസ്. നേരിട്ട് പങ്കെടുത്ത ആറുപേരടക്കം പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്.
നടിയോടുള്ള വ്യക്തിവിരോധം തീർക്കാൻ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതാണ് ദിലീപിനെതിരെയുള്ള പ്രധാന ആരോപണം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിൽ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ നിലപാട്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പോലീസിന്റെ കെട്ടുകഥയാണെന്നും അദ്ദേഹം വാദിക്കുന്നു.
വിധി പ്രസ്താവത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വിചാരണയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചു എന്ന വിവരമാണിത്. സംഭവവുമായി ബന്ധമില്ലാത്ത, യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അന്വേഷണം തനിക്ക് നേരെ വരുമെന്ന് ഭയന്നാണ് ദിലീപ് സന്ദേശം അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. സംഭവമുണ്ടായ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ 2017 ജൂലൈയിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം ഹൈക്കോടതി വനിതാ ജഡ്ജിയെ നിയോഗിച്ച് രഹസ്യ വിചാരണയാണ് നടത്തിയത്.
പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബൈജു കെ. പൗലോസായിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൂർത്തിയായി. 109 ദിവസമെടുത്താണ് ഇത് പൂർത്തിയാക്കിയത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയായതോടെയാണ് വിധിപ്രസ്താവം നീണ്ടത്. കേരള മനസാക്ഷിയെ ഞെട്ടിച്ച വിധി പ്രസ്താവനത്തിനായി സിനിമാ ലോകവും കേരള സമൂഹവും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ്.
actress-attack-case-verdict-today-8-years-justice
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





